സംസ്ഥാനത്ത് വേനല്‍മഴ.... ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ വേനല്‍മഴ ശക്തിയാര്‍ജ്ജിച്ചേക്കും. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും.
എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല. ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍സമയങ്ങളില്‍ പുറംജോലിക്കാര്ക്ക്ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
അതേസമയം വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേനല്‍മഴ ലഭിക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകുന്നേരത്തെ ചൂടില്‍ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകാന്‍ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാനായി കഴിയുന്ന നിര്‍ദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടപ്പിലാക്കണം.
പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീര്‍ പന്തലുകള്‍ വ്യാപകമാക്കണം. ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, ഹോട്ടലുകളുടെ മുന്നില്‍ സെക്യൂരിറ്റിയായി നില്ക്കുന്നവര് എന്നിവര്‍ക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തേണ്ടതാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉഷ്ണതരംഗ ജാഗ്രതാനിര്‍ദേശങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി .
തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജലക്ഷാമം മുന്‍കൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജലസംഭംരണികള്‍ ശുചീകരിച്ചും പരമാവധി വേനല്‍ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha

























