കേരളത്തെ ഭരിച്ചുമുടിച്ച ശേഷം ജനങ്ങളുടെ നികുതിപ്പണമെടുത്തു സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്

ഭരിച്ചു തകര്‍ത്തതു നല്ലതാണെന്നു പറയാന്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണു സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 4 വര്‍ഷത്തെ ഭരണം കൊണ്ടു ജനജീവിതം ദുസ്സഹമായി. ജനം പ്രയാസപ്പെടുന്ന ഘട്ടത്തിലൊന്നും സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകുന്നില്ല. തിരുവനന്തപുരത്ത് സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം 4 വര്‍ഷമായി സംസ്ഥാനത്തു നടക്കുന്ന പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണെന്നും സതീശന്‍ പറഞ്ഞു.
''പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്കു ശുചിമുറിയിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിയുമായി പോയപ്പോഴും അവര്‍ അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണു ഭരണം നിയന്ത്രിക്കുന്നത്'' - സതീശന്‍ പറഞ്ഞു.
ഏതു വിദൂരഗ്രാമത്തിലും ലഹരിമരുന്നു ലഭിക്കുന്ന ശൃംഖല കേരളത്തിലുണ്ട്. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതു സിപിഎമ്മാണ്. കേരളത്തെ ഭരിച്ചുമുടിച്ച ശേഷം ജനങ്ങളുടെ നികുതിപ്പണമെടുത്തു സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണു സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ പ്രതിപക്ഷം കരിദിനം ആചരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
1.56 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതുകടം 9 വര്‍ഷം കൊണ്ട് 6 ലക്ഷം കോടിയായി വര്‍ധിച്ചു. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈക്കോയില്‍ അവശ്യസാധനങ്ങളില്ല, ക്ഷേമനിധി ബോര്‍ഡുകള്‍ തകര്‍ന്നു. ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ നല്‍കിയിട്ടു മാസങ്ങളായി. ജല്‍ജീവന്‍ മിഷനിലെയും പൊതുമരാമത്തു വകുപ്പിലെയും കരാറുകാര്‍ക്ക് കോടികള്‍ കുടിശികയാണ്. പണമില്ലാത്തതിനാല്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു. കേരളത്തെ തരിപ്പണമാക്കിയിട്ടാണു സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം ഫ്‌ലെക്‌സടിക്കാന്‍ കോടികളാണു ചെലവാക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട്ടെ തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha