മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം: പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതയില്‍ കൂരിയാട് തകര്‍ന്നത് ഏകദേശം 600 മീറ്റര്‍ റോഡ്. അപകടത്തില്‍ സര്‍വീസ് റോഡും ദേശീയപാതയുടെ ഭിത്തിയും തകര്‍ന്നു. റോഡില്‍ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും കുഴിയില്‍പ്പെട്ടു.
അപകടമുണ്ടായി മണിക്കൂറുകള്‍ ആയിട്ടും ദേശീയപാത അധികൃതര്‍ സംഭവസ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് വഴിയൊരുക്കി. നിര്‍മാണത്തിലെ പാളിച്ച നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് സ്ഥലം എംഎല്‍എ അബ്ദുല്‍ ഹമീദ് പറഞ്ഞു. എന്നാല്‍ എംഎല്‍എയും എംപിയും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടസ്ഥലത്ത് നിന്നുമാറാന്‍ പ്രദേശവാസികളോട് പറഞ്ഞെങ്കിലും വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. റോഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് യാത്രക്കാര്‍ പറയുന്നത്. കാലവര്‍ഷം അടുത്തിരിക്കെ ദേശീപാതയോട് അടുത്ത് ജീവിക്കാനും യാത്ര ചെയ്യാനും ഭയമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. സംസ്ഥാനമൊട്ടാകെ ദേശീയപാത നിര്‍മാണം നടക്കവെ ഉണ്ടായ അപകടത്തില്‍ നിന്നും സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ല.
https://www.facebook.com/Malayalivartha