കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു... നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയില്‍ കിടക്കുന്ന വയോധികയായ സ്ത്രീ

കഴിഞ്ഞ ദിവസം ഹൈദരാബാദ് ചാര്‍മിനാര്‍ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചിരുന്നു. തീപിടിത്തത്തില്‍ ചാമ്പലായ വീട്ടിനുള്ളില്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കണ്ടത് അതിദാരുണമായ കാഴ്ചകളാണ്. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയില്‍ കിടക്കുന്ന വയോധികയായ സ്ത്രീയാണ് രക്ഷാസംഘത്തിന് നൊമ്പര കാഴ്ചയായി മാറിയത്. ആകെ 17 പേര്‍ മരിച്ച ഹൈദരാബാദ് ചാര്‍മിനാര്‍ തീപിടിത്തത്തില്‍ ഏഴ് മൃതദേഹങ്ങളാണ് ഈ ഒരു വീട്ടില്‍നിന്ന് മാത്രം കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തകരായ മിര്‍ സാഹിദും മുഹമ്മദ് അസ്മത്തുമാണ് ദയനീയമായ ഈ കാഴ്ച കണ്ട് നടുങ്ങിയത്.
''തീപിടിക്കുന്നതിനിടെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ആ കെട്ടിടത്തിനുള്ളില്‍ കയറിയത്. ഒന്നാം നിലയിലെത്തിയപ്പോള്‍, ഒരു സ്ത്രീ തറയില്‍ ഇരിക്കുന്നതായി കണ്ടു. കുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. തീപടര്‍ന്നപ്പോള്‍ അവരെ സംരക്ഷിക്കാന്‍ സ്ത്രീ ശ്രമിച്ചിട്ടുണ്ടാകണം. നിര്‍ഭാഗ്യവശാല്‍, അവരില്‍ ആരും രക്ഷപ്പെട്ടില്ല.'' - മിര്‍ സാഹിദ് പറയുന്നു.
''അസഹനീയമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങള്‍ അവരുടെ മേല്‍ ഒരു ബെഡ്ഷീറ്റ് വിരിച്ചു. എല്ലാവര്‍ക്കും പൊള്ളലേറ്റിരുന്നു. അവിടെ ഞാന്‍ കണ്ട വാക്കുകള്‍ വിവരിക്കാന്‍ കഴിയുന്നതല്ല.'' - അസ്മത്ത് പറഞ്ഞു. അതേ മുറിയില്‍നിന്നു രണ്ട് പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ചുമര്‍ തകര്‍ത്താണ് കെട്ടിടത്തിനുള്ളിലേക്കു പ്രവേശിച്ചത്. വീട്ടിലേക്കു പ്രവേശിക്കുമ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തില്‍ ഞായറാഴ്ച രാവിലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുല്‍സാര്‍ ഹൗസിലെ ജ്വല്ലറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ജ്വല്ലറികള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്നു തീ പടര്‍ന്നു. വൈകാതെ മുകളിലെ മൂന്നു നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. തീപിടിത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha