കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ

ആക്രമിക്കാന്‍ വന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ കരുത്തറിഞ്ഞതാണ്. ഇനിയും കൂടുതല്‍ സംവിധാനമൊരുക്കുകയാണ് ഇന്ത്യ. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗണ്‍സിലാണ് അടിയന്തര ആയുധസംഭരണ അധികാരം നല്‍കിയത്.
5 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ അധികാരം നല്‍കുന്നത്. നിരീക്ഷണ ഡ്രോണുകള്‍, സൂയിസൈഡ് ഡ്രോണുകള്‍ എന്നറിയപ്പെടുന്ന കാമികാസി ഡ്രോണുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈലുകള്‍ അടക്കമുള്ളവയാണു വാങ്ങുക. ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതുവരെ പറന്നു കൃത്യമായി ആക്രമിക്കുന്ന ചാവേര്‍ ഡ്രോണുകളാണ് കാമികാസി. സൈനിക ബലാബലത്തില്‍ മേല്‍ക്കൈ തുടരാനാണ് ആയുധസംഭരണം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കരാര്‍ ഇന്നലെ അവസാനിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 12ന് ആണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടു. 'പ്രതികാരമല്ല, നീതി നടപ്പാക്കലാണ്' എന്ന ആമുഖത്തോടെയാണ് ആര്‍മിയുടെ പടിഞ്ഞാറന്‍ കമാന്‍ഡ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരെ നിറയൊഴിച്ച എല്ലാ പാക്കിസ്ഥാന്‍ പോസ്റ്റുകളും തകര്‍ത്തുവെന്നു വിഡിയോയില്‍ ഒരു സൈനികന്‍ പറയുന്നതു കേള്‍ക്കാം.
ഇന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി യോഗത്തില്‍ പാക്കിസ്ഥാനോടുള്ള നയം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിക്കും.
അതേ സമയം ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നിലപാട് അറിയിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ 21 മുതല്‍ വിദേശത്തേക്കു പുറപ്പെടും. ശശി തരൂര്‍ നയിക്കുന്ന സംഘം 24നു പുറപ്പെട്ടേക്കും. ശ്രീകാന്ത് ഏക്‌നാഥ് ഷിന്‍ഡെയും സഞ്ജയ് കുമാര്‍ ഝായും നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ 21നു പുറപ്പെടും. പല സംഘങ്ങളുടെയും സന്ദര്‍ശനം ജൂണ്‍ ആദ്യ വാരം വരെ നീണ്ടേക്കും. ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു പ്രതിനിധികളെ അയയ്ക്കുന്നില്ല.
ശശി തരൂരിനെ പാര്‍ട്ടി ലൈനില്‍ ചേര്‍ത്തുനിര്‍ത്താന്‍ ദേശീയ നേതൃത്വത്തിന്റെ കര്‍ശന ഇടപെടല്‍ വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ തരൂരും അദ്ദേഹത്തെ ഒപ്പംനിര്‍ത്താന്‍ ഹൈക്കമാന്‍ഡും തയാറാകണമെന്നാണു സംസ്ഥാന നേതാക്കളുടെ നിലപാട്. പ്രവര്‍ത്തകസമിതിയംഗം എന്ന നിലയില്‍ തരൂര്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായതിനാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യപ്രതികരണങ്ങള്‍ വേണ്ടെന്നാണു കെപിസിസിയുടെ തീരുമാനം. എന്നാല്‍, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, എതിരാളികളെ സഹായിക്കുംവിധമുള്ള പരാമര്‍ശങ്ങള്‍ തരൂര്‍ അവസാനിപ്പിക്കണമെന്ന് നേതാക്കളെല്ലാം ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള നേതാക്കളുടെ ടീമില്‍ തരൂരും വേണമെന്നാണു നേതൃത്വത്തിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂരിനെ കോണ്‍ഗ്രസിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടണമെന്ന നിലയില്‍ മുന്‍പ് പാര്‍ട്ടിയില്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. അതേസമയം, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെ അനാവശ്യമായി ക്രൂശിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.
വിദേശപര്യടനത്തിനുള്ള പ്രതിനിധി സംഘത്തിന്റെ നേതാവായി തരൂരിനെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിനുള്ള നീക്കം മനസ്സിലാക്കി, അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകള്‍ തുറന്നുകാട്ടാന്‍ കേന്ദ്രം രൂപംകൊടുത്ത സമിതിയില്‍ അംഗമാക്കിയതിനെ സ്വാഗതം ചെയ്തതില്‍ എന്താണു തെറ്റെന്നും രാഷ്ട്രീയം കലര്‍ത്തി വിവാദമാക്കരുതെന്നും അവര്‍ പറയുന്നു.
പ്രതിനിധിസംഘങ്ങളുടെ സന്ദര്‍ശനം, സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ഉപാധിയായി മാറരുതെന്നു കോണ്‍ഗ്രസ്. പാര്‍ട്ടി നിര്‍ദേശിച്ച 4 പേരില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയെ മാത്രം ഉള്‍പ്പെടുത്തിയ നടപടിയില്‍ അതൃപ്തി അറിയിച്ചു. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ അടക്കം 4 കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിനിധിസംഘത്തിന്റെ ഭാഗമാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. ശശി തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുത്. ശശി തരൂര്‍ ഈ തലങ്ങളിലേക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടിമതിച്ചു കൊണ്ടാവരുത്. ശശി തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗം എന്ന നിലയില്‍ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളില്‍ അടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടി പോകണം. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസ് ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആക്രമിക്കപ്പെടുന്നു. കെസി വേണുഗോപാല്‍ ചുമതലകളില്‍ നേട്ടം കൊയ്യുമ്പോള്‍ മൗനം പാലിക്കുന്നു. ചെറിയ പാളിച്ചകള്‍ വരുമ്പോള്‍ കെസിയെ വിമര്‍ശിക്കുന്നു. കെ സി ദേശിയതലത്തിലെ കേരളത്തിന്റെ മുഖമാണ്. മലയാളികളുടെ അന്തസാണ് കെസി വേണുഗോപാല്‍. എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ മാത്രമാണ് കെസി നിര്‍വഹിക്കുന്നത്. അതിനപ്പുറത്തേക്ക് അമിത ഇടപെടല്‍ ഒന്നും നടത്തുന്നില്ല. കെ സി സംഘടന ജനറല്‍ സെക്രട്ടറി ആയതിനു ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ യോജിപ്പുണ്ടായത് കെസി ജനറല്‍ സെക്രട്ടറി ആയതിനു ശേഷമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു
പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് ശശി തരൂര്‍ എംപിയെ ശുപാര്‍ശ ചെയ്യാതിരുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചിരുന്നത്.
കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിക്കുകയാണ്. പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി വിമര്‍ശനം. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്റുമാരാണെന്നുമുള്ള അംസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു.
അടുത്ത വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ 7 സംഘങ്ങളെയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്കയക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ നയ തന്ത്രപരിപാടി. 7ല്‍ മൂന്ന് സംഘങ്ങളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് നയിക്കുന്നത്. ഓരോ പാര്‍ട്ടികളോടും പ്രതിനിധി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ദൗത്യത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു.
ശശി തരൂരിനെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് പട്ടിക നല്‍കിയത്. ശശി തരൂര്‍ പാര്‍ട്ടി പരിഗണിച്ച വ്യക്തിയല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് പുറത്ത് വിട്ടു. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തിന്റെ തലവനായാണ് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി തരൂരിനെ ഉള്‍പ്പെടുത്തിയത്. തനിക്ക് കിട്ടിയ ക്ഷണത്തെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രതികരിച്ച തരൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണിതാവായാണ് താന്‍ പങ്കെടുക്കുന്നതെന്ന പരോക്ഷ സൂചന നല്‍കി. 'രാജ്യ താല്‍പര്യമാണ് പ്രധാനം. അഞ്ച് രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം വലിയ അംഗീകാരമാണ്'. തരൂര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
കഴിഞ്ഞ കുറെ നാളുകളായി തരൂരും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചെങ്കിലും വിദേശ കാര്യ വിഷയത്തിന്റെ ഇപ്പോള്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അങ്ങനെ തന്നെയാകും തുടര്‍ന്നെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്ന തരൂര്‍ ദൗത്യ സംഘത്തലവനായതും സ്വാഭാവികം.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരാണെന്നും താന്‍ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും ശശി തരൂര്‍. താനൊരു പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ്. വിവാദം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെ കുറിച്ച് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂര്‍ നീണ്ട യുദ്ധം നമ്മള്‍ കണ്ടതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭാരതം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അത് നിറവേറ്റണം. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആര്‍ക്കും എന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താന്‍ പോകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ശശി തരൂരിനെ കൂടാതെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘങ്ങളെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ളവരാണ് നയിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ശ്രീകാന്ത് ഷിന്‍ഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ സുപ്രിയ സുലേ എന്നിവരും ഓരോ സംഘത്തെ നയിക്കുമെന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha