ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

സ്വന്തം നാട്ടില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി.ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ ഇന്ത്യ സത്രമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എല്‍.ടി.ടി.ഇ ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ പ്രകാരം തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. ജസ്റ്രിസ് ദീപാങ്കര്‍ ദത്ത, ജസ്റ്രിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
യു.എ.പി.എ കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴു വര്‍ഷത്തെ തടവ് കഴിഞ്ഞാല്‍ ഉടന്‍ ഇന്ത്യ വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിസയെടുത്ത് ഇന്ത്യയിലെത്തിയ ഇയാള്‍ ഒരു ശ്രീലങ്കന്‍ പൗരനാണെന്നും സ്വന്തം നാട്ടില്‍ ഇയാള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സത്കരിക്കാന്‍ കഴിയുന്ന ഒരു സത്രമല്ല ഇന്ത്യ. 140 കോടി ജനങ്ങളുള്ള രാജ്യമാണിതെന്നും കോടതി പറഞ്ഞു. സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ എന്നും ബെഞ്ച് മറുപടി നല്‍കി.
നാടുകടത്തല്‍ നടപടികളില്ലാതെ ഹര്‍ജിക്കാരന്‍ മൂന്നുവര്‍ഷത്തോളമായി തടങ്കലിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്‍ അഭയാര്‍ത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയില്‍ താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മൗലീകവകാശം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് ബാധകമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.
https://www.facebook.com/Malayalivartha