മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില്‍ അടിഞ്ഞു... തീരത്തടിയുന്ന കണ്ടെയ്‌നറുകളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് നിര്‍ദ്ദേശം

പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില്‍ അടിഞ്ഞു. വര്‍ക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഗ്രാന്യുള്‍സ് ചാക്കുകെട്ടുകളും കോട്ടണ്‍ ബയന്റ് കെട്ടുകളും വര്‍ക്കല, അഞ്ചുതെങ്ങ്, വലിയവേളി, കായിക്കര, മാമ്പള്ളി, മണ്ണാര്‍ക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തീരങ്ങളില്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്രാന്യുള്‍സ് തീരത്ത് വ്യാപിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30ഓടെ മാന്തറ ബീച്ചിലെ പാറക്കെട്ടുള്ള ഭാഗത്താണ് ആദ്യത്തെ കണ്ടെയ്‌നര്‍ മത്സ്യത്തൊഴിലാളികള്‍ കാണുന്നത്. ഇതേസമയത്തുതന്നെ ഓടയം ബീച്ചില്‍ മറ്റൊരു കണ്ടെയ്‌നറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇരു കണ്ടെയ്‌നറുകളും കടല്‍ഭിത്തികളിലും പുലിമുട്ടുകളിലും ഇടിച്ചുകയറി തകര്‍ന്ന അവസ്ഥയിലായിരുന്നു.
രാവിലെ 5ഓടെയാണ് പാപനാശം ബീച്ചില്‍ മൂന്നാമത്തെ കണ്ടെയ്‌നര്‍ കടലില്‍ ഒഴുകുന്നത് കണ്ടത്. ശക്തമായ തിരമാലകളില്‍പ്പെട്ട് ബലിമണ്ഡപത്തിന് സമീപത്തേക്ക് വന്നതോടെ വടം ഉപയോഗിച്ച് തെങ്ങില്‍ കെട്ടിയിട്ടു. കോട്ടണ്‍ ബയന്റ് കെട്ടുകളും പോളിഎത്തിലീന്‍ പാക്കറ്റുകളും പാപനാശം മുതല്‍ ഏണിക്കല്‍ ബീച്ചുവരെ വ്യാപിച്ചു. ഉച്ചയോടെ അഞ്ചുതെങ്ങ് ഒന്നാം പാലത്തിനടുത്തും വലിയവേളിയിലും വൈകിട്ടോടെ തുമ്പയിലും കണ്ടെയ്‌നര്‍ കണ്ടെത്തി. കറുത്തവാവ് ദിവസമായതിനാല്‍ ബലിയിടുന്നതിനായി നിരവധി ആളുകള്‍ പാപനാശത്ത് എത്തിയിരുന്നു.
അതേസമയം തീരത്തടിയുന്ന കണ്ടെയ്‌നറുകളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
തീരത്തടിയുന്ന കണ്ടെയ്‌നര്‍ അടക്കമുള്ള വസ്തുക്കളെ കുറിച്ച് ജില്ലാ കളക്ടര്‍മാര്‍ സിംഗിള്‍ പോയിന്റ് ഒഫ് കോണ്‍ടാക്ടിലൂടെ അറിയിക്കേണ്ടതാണ്. അപകടകരമായ വസ്തുക്കള്‍ ഉള്ളതിനാല്‍ ആരും അടുത്തുപോകരുതെന്ന് തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കണം. തീരദേശത്ത് സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാര്‍ ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ നടത്തേണ്ടതുമാണ്.
https://www.facebook.com/Malayalivartha