പെണ്‍കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനായി പൊലീസ് തിരച്ചില്‍

വൈകിട്ട് ട്യൂഷന് കഴിഞ്ഞു മടങ്ങുകയായിരുന്ന 10 വയസ്സുള്ള 2 പെണ്‍കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനായി പൊലീസ് തിരച്ചില്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമമെന്നും പിന്തുടര്ന്ന് വീടു വരെയെത്തി യുവാവ് ഭീഷണി മുഴക്കിയതായും കുട്ടികളിലൊരാളുടെ പിതാവ് ആരോപിച്ചു. ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതും ഒരു വീടിന്റെ ഗെയ്റ്റിനരികില്‍ വന്ന് നില്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ വൈകിട്ട് നെട്ടൂരിലായിരുന്നു സംഭവം. വൈകിട്ട് 6.45ഓടെ ട്യൂഷന് കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികള്‍. കുട്ടികള്‍ പോകുന്നിടത്തു നിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം യുവാവ് നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വാനിന്റെ പിന്നില്‍ നിന്ന് പുറത്തു വന്ന് സ്കൂട്ടര്‍ എടുത്ത് വീടിന്റെ ഗെയ്റ്റിനു സമീപം വന്നു നില്‍ക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കുട്ടികളെ താന്‍ കൊണ്ടു പോകുമെന്നും കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു. പൊലീസില്‍ ഉടന്‍ അറിയിച്ചെങ്കിലും പിറ്റേന്ന് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. യുവാവ് വന്ന സ്കൂട്ടര്‍ മാത്രമല്ല, അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാനും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് തങ്ങളുടെ സംശയമെന്നും അതിനാല്‍ ആസൂത്രിതമാണ് സംഭവമെന്നും രക്ഷിതാക്കള്‍ പറയുന്നു.
യുവാവിന്റെ വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. നഗ്നതാ പ്രദര്‍ശനത്തിനു ശേഷം കുട്ടികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇയാള്‍ റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നു. കുട്ടികളില്‍ ഒരാളുടെ സമയോചിത നീക്കമാണ് യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. ഒരു മിഠായി കൂടി വേണമെന്ന് കുട്ടി പറഞ്ഞപ്പോള്‍ യുവാവ് എടുക്കാന്‍ തിരിഞ്ഞ തക്കത്തിന് കുട്ടികള്‍ ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha