കപ്പല്‍ അപകടം..സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും.

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും. കപ്പല്‍ അപകടത്തിനെ തുടര്‍ന്നുണ്ടാകാനായി സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാവും.
ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നാകും നഷ്ടപരിഹാരം ആവശ്യപ്പെടുക. ഇതിനാവശ്യമായ തെളിവുകളടക്കം സമാഹരിച്ചു തുടങ്ങി. പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്റമിനിറ്റി എന്ന ഇന്‍ഷ്വറന്‍സ് ഏജന്‍സി കൊച്ചിയില്‍ നാശനഷ്ട ബാദ്ധ്യതാ ഡെസ്‌ക് സ്ഥാപിച്ചു. ക്ലൈമുകള്‍ കൃത്യമായും സമയബന്ധിതമായും ഫയല്‍ ചെയ്യുന്നതാണ്.
ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗിന്റെ സഹകരണത്തോടെ ക്യാപ്ടന്‍ അനീഷ് ജോസഫ് ഇതിനായി സംസ്ഥാനത്തെ സഹായിക്കും. സമാനമായ നഷ്ടപരിഹാര കേസുകളില്‍ വിവിധ സംസ്ഥാനങ്ങളെ സഹായിച്ച് പരിചയമുള്ളയാളാണ് അനീഷ്. ഇദ്ദേഹത്തെ ഈയാഴ്ച തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് നിലപാടുകള്‍ അറിയിക്കുകയും ചെയ്യും.
കപ്പല്‍ ഉടമകളുമായി പ്രാഥമിക ചര്‍ച്ച നടത്തി. മുങ്ങിയ എം.എസ്.സി.എല്‍സ 3 കപ്പല്‍ കേരളതീരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കാലവര്‍ഷത്തിനുശേഷം മാത്രമേ സാധിക്കൂയെന്നാണ് കപ്പല്‍ക്കമ്പനി അറിയിച്ചതെന്ന് മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha