തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...

കേരള തീരത്തെ കടല്‍ വിഴുങ്ങാന്‍ ഇനി ഏറെക്കാലം വേണ്ടിവരില്ല. കൊച്ചിയും തിരുവനന്തപുരവും ആലപ്പുഴയും ഉള്‍പ്പെടെ നഗരങ്ങള്‍ 50 വര്‍ഷത്തിനുള്ളില്‍ കടല്‍ വിഴുങ്ങാന്‍ സാധ്യതയേറുകയാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് അന്‍പതു വര്‍ഷത്തിനുള്ളില്‍ കടല്‍ ജല നിരപ്പ് ഒരു മീറ്റര്‍ ഉയരുന്ന സാഹചര്യത്തില്‍ തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും. താപനില വര്‍ധിച്ചതോടെ കടലേറ്റം രൂക്ഷമായതു മാത്രമല്ല കടല്‍ മത്സ്യങ്ങള്‍ ഒന്നാകെ കേരള തീരം വിടുകയും ചെയ്തിരിക്കുന്നു.
കേരളത്തിലെ പ്രധാന ബീച്ചുകളിലൊന്നായ ശംഖുമുഖം ബീച്ച് ഇപ്പോള്‍തന്നെ ഇല്ലാതായിരിക്കുന്നു. കേരളതീരത്തെ 12 ചെറു ബീച്ചുകള്‍ കടല്‍ക്ഷോഭത്താല്‍ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ആഗോളതാപനം മൂലം കടല്‍ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ബീച്ചുകള്‍ മാത്രമല്ല തീരപ്രദേശത്തുള്ള മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും വാസസ്ഥലങ്ങളും, ജൈവ ആവാസവ്യവസ്ഥയും തന്നെ തകരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കൊച്ചിയും മുംബൈയും ഉള്‍പ്പെടെ 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളത്തിലെ കൊച്ചി. മുംബൈയും ചെന്നൈയും ഹൈദരാബാദും കന്യാകുമാരിയും കടലില്‍ മുങ്ങുന്നതിനു മുന്‍പുതന്നെ ആലപ്പുഴ പട്ടണവും കുട്ടനാടും കടലെത്തുപോകും. മുപ്പതു വര്‍ഷത്തിനുള്ളില്‍ മുംബൈ, ചെന്നൈ, പനാജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ അഞ്ചു ശതമാനം വരെയും കരഭൂമി മുങ്ങിപ്പോകും.
മംഗലാപുരം, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും അഞ്ചു ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കും. എട്ട് വര്‍ഷത്തിനുളളില്‍ കേരളത്തിലെ കടല്‍നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്നാണ് നാസയുടെ റിപ്പോര്‍ട്ട്. കേരള തീരത്ത് ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലിന് അടിയിലാകും. അതായത് കുട്ടനാടും ആലപ്പുഴയും വെള്ളത്തിനടിയിലാകുമെന്നു വ്യക്തമാണ്. നാസയുടെ പഠനം അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊച്ചി, പാരദീപ്, ഖിദിര്‍പുര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി, ഓഖ, ഭാവ്നഗര്‍, മുംബൈ, മോര്‍മുഗാവ്, മംഗളൂരു എന്നീ 12 ഇന്ത്യന്‍ നഗരങ്ങളുടെ ഏറെ പ്രദേശങ്ങളും കടലെടുക്കാന്‍ ഏറെക്കാലം വേ്ണ്ടിവരില്ല.
590 കിലോമീറ്റര്‍ നീളവും 120 കിലോമീറ്റര്‍ വരെ വീതിയുമുള്ള കേരളത്തിന്റെ വിസ്തൃതി ആകെ 38,863 ചതുരശ്ര കിലോമീറ്ററാണ്. കടലില്‍നിന്ന് ഏഴര മീറ്റര്‍ വരെ ഉയരമുള്ള പ്രദേശമാണ് തീരപ്രദേശം്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10.25 ശതമാനം വരുന്ന ഈ പ്രദേശത്ത് ജനസാന്ദ്രത കൂടുതലുമാണ്. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 810 ആണെന്നിരിക്കെ തീരപ്രദേശത്ത് ഇത് 2168 വരും. കേരള തീരത്ത് ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലിന് അടിയിലാകും. നൂറു വര്‍ഷം കഴിയുമ്പോള്‍ തൃശൂര്‍ ജില്ലയുടെ 150 ചതുരശ്ര കിലോമീറ്ററും ആലപ്പുഴ ജില്ലയുടെ 116 ചതുരശ്ര കിലോമീറ്ററും കോട്ടയത്തെ 88 ചതുരശ്ര കിലോമീറ്ററും എറണാകുളത്തെ 20 ചതുരശ്ര കിലോമീറ്ററും മുങ്ങിപ്പോകും.
സമുദ്രതാപനില വര്‍ധിക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ പ്രത്യാഘാതമാകും സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വര്‍ധനവ്. ഭൂമിയുടെ നിലനില്‍പിന് തന്നെ ഏറ്റവുമധികം ഭീഷണി ഉയര്‍ത്താന്‍ പോരുന്ന പ്രതിഭാസവും ഈ കടല്‍ ജലനിരപ്പിലെ വര്‍ധനവായിരിക്കും. ലോകത്തില്‍ ആകെ ഇരുന്നൂറ് കോടിയിലധികം ജനങ്ങള്‍ക്ക് തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനമാണ് കടല്‍ ജലനിരപ്പിലുണ്ടാകുന്ന വര്‍ധനവ്. കടലിന് ചൂട് പിടിക്കുമ്പോള്‍ സംഭവിക്കുന്ന രണ്ട് കാര്യങ്ങളാണ് ജലനിരപ്പ് വര്‍ധിപ്പിക്കുന്നത്. ഒന്ന് ചൂട് കൂടുമ്പോള്‍ ജലകണികകള്‍ കൂടുതല്‍ വികസിക്കുകയും ഇതോടെ ഇവയ്ക്ക് സ്ഥിതി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരികയും ചെയ്യുന്നു.
ചൂട് കനത്തതോടെ കടലില്‍നിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കണവയും അയലയും പകുതിപോലും കിട്ടാനില്ല. കടലില്‍ ചൂട് കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ മുകള്‍ത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് കരള തീരത്ത് മീന്‍ കുറയാന്‍ കാരണം. വേനല്‍ക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നെത്തോലിയും ചാളയും കിട്ടാനില്ല.
https://www.facebook.com/Malayalivartha

























