ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ സഹപാഠികള്‍ക്ക് പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ സഹപാഠികള്‍ക്ക് ഇന്ന് നടക്കുന്ന പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതിയായി.
മൂന്ന് സ്കൂളുകളിലായി അലോട്ട്മെന്റ് ലഭിച്ച 6 പ്രതികള്‍ക്ക് അവിടെ നേരിട്ടോ ഓണ്‍ലൈനായോ ഹാജരാകാനായി സൗകര്യമൊരുക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ തടവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവരെ നേരിട്ട് സ്കൂളില്‍ എത്തിക്കണമെങ്കില്‍ മതിയായ സംരഷണം നല്‍കണമെന്ന് താമരശേരി എസ്.എച്ച്.ഒയോടും ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനോടും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇപ്പോള്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന് നേടാനുള്ള അവസാന തീയതി ഇന്നാണെന്നും നേരില്‍ ഹാജരായില്ലെങ്കില്‍ അവസരം നഷ്ടമാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഉപരിപഠനം നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ ജാമ്യാപേക്ഷ വാദംകേട്ട് വിധി പറയാന്‍ മാറ്റിയിട്ടുള്ളതാണ്. സ്കൂള്‍ പ്രവേശനം സമയബന്ധിതമാണ്. ഈ സാഹചര്യത്തില്‍ ഒരു പരിമിത സമയത്തേക്ക് ഇളവ് അനുവദിക്കാവുന്നതാണ്. അല്ലെങ്കില്‍ അവരുടെ ഭാവിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
പ്രതികളെ പുറത്തിറക്കുന്നതിന് ആവശ്യമെങ്കില്‍ രക്ഷിതാക്കളുടെ വ്യക്തിഗത ബോണ്ട് വാങ്ങാമെന്നും നിര്‍ദ്ദേശിച്ചു.ഇതു വരെ പഠിച്ച വിദ്യാലയത്തില്‍ നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ . എന്നാല്‍ ഇതിനും നേരില്‍ ഹാജരാകേണ്ടതുണ്ടെന്ന് വാദിച്ചു. എന്നാല്‍ ഇവര്‍ക്കു പകരം രക്ഷിതാക്കള്‍ ഹാജരായാലും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha