തീപിടിച്ച ചരക്കു കപ്പലിലെ 18 ജീവനക്കാരെ നാവികസേനയുടെ ഐ എന്‍ എസ് സൂറത്തിലേക്ക് മാറ്റി

കേരളതീരത്തിന് അടുത്ത് പുറംകടലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ് സൂറത്തിലേക്ക മാറ്റി. 18 ജീവനക്കാരുമായി കപ്പല്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെ കപ്പല്‍ മംഗലാപുരം തുറമുഖത്തെത്തിക്കും. കപ്പല്‍ എത്തിയാലുടന്‍ രക്ഷപ്പെടുത്തിയവരെ ആശുപതിയിലേക്ക് മാറ്റും.
കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കാണാതായ നാലു ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രിയും തെരച്ചില്‍ തുടരും. അതേസമയം കപ്പലിലെ തീ നിയന്ത്രണാതീതമായ സ്ഥിതിയിലാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തീപിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ചതിന് പിന്നാലെ നിരവധി കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിരുന്നു. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം
കൊളംബോയില്‍ നിന്ന് നവി മുംബയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലില്‍ രാവിലെ 9.30ഓടു കൂടിയാണ് സ്‌ഫോടനമുണ്ടായത്. കപ്പലിന്റെ താഴത്തെ ഡെക്കിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയായിരുന്നു.
https://www.facebook.com/Malayalivartha

























