പീരുമേടിന് സമീപം കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം... ഭര്‍ത്താവിന് പരുക്ക്

സങ്കടക്കാഴ്ചയായി... പീരുമേടിന് സമീപം കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. സീത എന്ന സ്ത്രീയാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്.
സീതയുടെ ഭര്‍ത്താവ് ബിനുവിനും ആക്രമണത്തില്‍ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പന്‍ സീതയെ തട്ടി എറിയുകയായിരുന്നെന്നും ബിനു പറഞ്ഞു. രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചതെന്നും ബിനു പറഞ്ഞു.
കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ നാലുപേരും കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒന്‍പതു മണിയോടെ ഇവര്‍ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് കാട്ടിലേയ്ക്ക് പോയിരുന്നു. ഒരു മണിക്ക് ശേഷം ബന്ധുക്കളെ ബിനുവിന്റെ മക്കള്‍ ഫോണ്‍ വിളിച്ചാണ് അപകടവിവരം അറിയിച്ചത്.
ബിനു വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാള്‍ സംഭവം വനപാലകരെയും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്താറുള്ള ആനയാണ് സീതയ്ക്കുനേരെയും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ദേശീയപാത ഉപരോധിക്കാനായി ശ്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വനംവകുപ്പ് സീതയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha