തീപിടിച്ച കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് വന്നടിയാന്‍ സാദ്ധ്യത

തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ കേരള തീരത്തോട് ചേര്‍ന്ന് എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാദ്ധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 16,18 തീയതികള്‍ മുതലാണ് ഇവ അടിയാന്‍ സാദ്ധ്യത.
കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ പൊതുജനങ്ങള്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ടില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ( 81. 5. കിമി) ദൂരത്താണ് ജൂണ്‍ ഒമ്പതിനാണ് ദുരന്തമുണ്ടായത്. രാവിലെ 9.30നാണ് കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചത്. കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ലൈഫ്‌ബോട്ടില്‍ കടലില്‍ ചാടിയ ക്യാപ്ടന്‍ ഉള്‍പ്പെടെ 18 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെങ്കിലും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha