അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

കഴിഞ്ഞ ദിവസം ഏറെ ചർച്ചയായതാണ് അറബിക്കടലില്‍ സൈനിക അഭ്യാസം നടത്തുന്നതിനിടയില്‍ ഇന്ധനം കുറഞ്ഞുപോയതോടെ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത് . കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185 കിലോമീറ്റര്‍) അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നുയര്‍ന്ന എഫ് 35 വിമാനമാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ഇറക്കിയത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എന്നാല്‍ ഇതിന് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.സൈനിക അഭ്യാസത്തിന്റെ ഭാഗമായി കടലില്‍ 36000 അടിയോളം പറന്നുയര്‍ന്ന വിമാനത്തിനു പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ലാന്‍ഡ് ചെയ്യാനായില്ല. ശക്തിയേറിയ കാറ്റും ഉയര്‍ന്ന തിരമാലയും മൂടല്‍മഞ്ഞും കാരണം വിമാനത്തിന് യുദ്ധക്കപ്പലിലെ ഫ്‌ലൈറ്റ് ഡെക്ക് കാണാനാകാത്ത അവസ്ഥയായിരുന്നു.
പലതവണ വട്ടമിട്ട് പറന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇന്ധനം തീര്‍ന്നത്. തുടര്‍ന്നാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.ക്യാപ്റ്റന്‍ മൈക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം തിരുവനന്തപുരത്ത് ഇറങ്ങാനുള്ളഅനുമതി ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവള അധികൃതര്‍ പ്രതിരോധ വകുപ്പിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ എഫ് 35-ന് റണ്‍വേയില്‍ ഇറങ്ങാന്‍ സൗകര്യം ഒരുക്കി.
അടിയന്തരസാഹചര്യം പ്രഖ്യാപിച്ച് പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് യുദ്ധവിമാനത്തെ ലാന്‍ഡ് ചെയ്യിപ്പിച്ചത്. രാത്രി 9.30-ഓടെയാണ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിച്ചത്. തുടര്‍ന്ന് ഞായറാഴ്ച ഇവിടെനിന്ന് വിമാനത്തില്‍ ഇന്ധനം നിറച്ചു. ഇതിനു ശേഷം പ്രതിരോധ വകുപ്പിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും പരിശോധനകള്‍ നടത്തി. എന്നാല്‍, സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര. വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായുള്ള സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തി.
https://www.facebook.com/Malayalivartha