എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ 'റാം C/O ആനന്ദി' എന്ന നോവലിനാണ് പുരസ്കാരം. സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം.
ആലപ്പുഴയിൽ നിന്ന് ചെന്നെയിലേക്ക് പഠിക്കാനായെത്തുന്ന ശ്രീറാം എന്ന യുവാവിന്‍റെയും ആനന്ദി എന്ന ശ്രീലങ്കൻ യുവതിയുടെയും കഥ പറയുന്ന നോവൽ വായനക്കാർക്കിടയിൽ വലിയ ചർച്ചയാവുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപ്പോവുകയും ചെയ്തിരുന്നു .മലയാള സിനിമ 2018ന്‍റെ തിരക്കഥാകൃത്തു കൂടിയാണ് അഖിൽ. പുരസ്കാരം ലഭിച്ചതിൽ സാമൂഹ്യ മാധ്യമത്തിൽ തന്‍റെ സന്തോഷം വായനക്കാരുമായി പങ്കു വെച്ചു.
കുറഞ്ഞ കാലത്തിനുള്ളിൽ അനേകം പതിപ്പുകൾ പിന്നിട്ടതും മൂന്നര ലക്ഷത്തിലേറെ വായനക്കാരെ സൃഷ്ടിച്ചതുംആയ പുസ്തകമാണ് റാം c /o ആനന്ദി . ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റുഫോമുകളിൽ ഈ കൃതിക്കും അതിന്റെ കർത്താവിനും പ്രത്യേകം ഫാൻസ് ഗ്രൂപ്പുകളും ഉണ്ട് .
പുസ്തകത്തിന്റെ ആമുഖത്തിൽ ധർമജൻ പറഞ്ഞതുപോലെ തികച്ചും സിനിമാറ്റിക് ആയൊരു ട്രീറ്റ്മെന്റ് നോവലിന് ഒരു ത്രില്ലെർ സ്വഭാവം പകർന്നിട്ടുണ്ട്. വളരെ ലളിതമായ പദാവലിയിൽ സാധാരണ ജീവിതാനുഭവങ്ങളുടെ അസാധാരണമായ ആഖ്യാനമാണ് അഖിൽ പി ധർമജൻ നിർവഹിച്ചിട്ടുള്ളത്. സിനിമയിലെന്നപോലെ അതിദ്രുതം ഓടിയകലുന്ന ദൃശ്യങ്ങളുടെ ഫ്രേയ്‌മുകൾ അല്പം വിസ്മയജനകമായി ആവിഷ്കരിച്ച നോവലിന്റെ താളുകൾ ആകാംക്ഷയോടെ മറിഞ്ഞുപോകുന്ന അനുഭവം.
ഒരു ത്രില്ലർ മൂവി കാണുന്നപോലെ നോവൽ വായന തീരുന്നു. ഇതിലെ താളുകളിൽ മനുഷ്യന്റെ വേദനയും കാരുണ്യവും ആർദ്രതയോടെ തുളുമ്പുന്നുണ്ട്. ഏതു ദാർശനിക നോവലും സംസാരിക്കുന്ന മനുഷ്യാവസ്‌ഥകൾ ധർമജന്റെ നോവലും ചർച്ചക്കെടുക്കുന്നു. അത് പക്ഷെ വാചാലമായ സംവാദങ്ങൾ അല്ല ,നിശബ്ദമായ തേങ്ങലുകളിൽ നമ്മൾ അത് തിരിച്ചറിയും.
ആലപ്പുഴയിലെ ഒരു തീരദേശ ഗ്രാമത്തിൽ നിന്നും സിനിമാമോഹങ്ങളുമായി ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം പറഞ്ഞു കേൾപ്പിക്കുന്ന കഥയാണിത്.
സിനിമ പഠിക്കാനും നോവൽ എഴുതാനുമുള്ള മോഹങ്ങളുമായാണ് റാം ചെന്നൈപ്പട്ടണത്തിൽ എത്തിയത്. എത്തിയ ദിവസം തൊട്ട് വിചിത്രവും അവിശ്വസനീയവുമായ അനുഭവങ്ങളാണ് അയാളെ വരവേറ്റത്. അഥവാ റാമിന്റെ കഥപറച്ചിൽ നമ്മെ കൊണ്ടെത്തിക്കുന്നത് അവിചാരിതമായ മുഹൂർത്തങ്ങളിലേക്കാണ്. ആനന്ദി , രേഷ്മ , വെട്രി, ബിനീഷ്, കിരൺ , മല്ലി , പാട്ടി തുടങ്ങിയ കഥാപാത്രങ്ങൾ. ആനന്ദിയുടെ ലൂണ സ്കൂട്ടറും പാട്ടിയുടെ പഴയ പദ്മിനി കാറും ഇതിലെ കഥാപാത്രങ്ങൾ ആവുന്നുണ്ട്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സുകൾ, പ്രാക്ടിക്കൽസ്, തൈര് ശാദം വിൽക്കുന്ന ഉണവകം ( ക്യാന്റീൻ),നിത്യവും തൂങ്ങിപ്പിടിച്ചു യാത്ര ചെയ്യുന്ന സബ് അർബൻ ട്രെയിനുകൾ, അറുവാണികൾ എന്ന് വിളിക്കുന്ന ട്രാൻസ് ജെന്ഡറുകൾ, മല്ലിയും മരിക്കൊളുന്തും നിറവും മണവും പകർന്ന തെരുവുകൾ ഉന്തുവണ്ടികളും ഓട്ടോ റിക്ഷകളും തലങ്ങും വിലങ്ങും വട്ടം ചുറ്റിയ ഫ്‌ളാറ്റുകൾക്കിടയിലെ ഇടുങ്ങിയ വഴികൾ എന്നിങ്ങനെ ചെന്നൈ പട്ടണത്തിന്റെ തിരക്ക് പിടിച്ച അന്തരീക്ഷം കഥയിലാകമാനം അലിഞ്ഞുചേർ ന്നിരിക്കുന്നു. കോയമ്പേട്, ഗിണ്ടി, മറീന ബീച്ച് ,ബസന്ത് നഗർ, അയ്യപ്പൻതാങ്കൽ, നുങ്കംപാക്കം, ടീ നഗർ, എഗ്മൂർ, മാമ്പലം താംബരം ട്രിപ്ലിക്കേൻ തുടങ്ങി നമുക്ക് സുപരിചിതമായ സ്‌ഥലങ്ങൾ തന്നെയാണ് കഥാപരിസരം.
സേലവും കോയമ്പത്തൂരും തഞ്ചാവൂരും കുംഭകോണവും തിരുട്ടുഗ്രാമവും ഉൾപ്പടെ തമിഴകമണ്ണിലെ ഉൾപ്രദേശങ്ങളിലേക്കും സംഭവങ്ങൾ പടരുന്നുണ്ട്. മല്ലി എന്ന തിരുമങ്കയുടെ (ട്രാൻസ് ജെൻഡർ) ജീവിതചിത്രം വായനക്കാരെ വല്ലാതെ സ്പർശിക്കുക തന്നെ ചെയ്യും. ആനന്ദിയുടെ രഹസ്യസ്വഭാവമാർന്ന ജീവിതവും അതിന്റെ ചുരുളഴിയുമ്പോൾ നമ്മെ അസ്വസ്‌ഥരാക്കാ തെ ഇരിക്കില്ല. റാമും ആനന്ദിയും തമ്മിലുള്ള മധുരമായ മൂകപ്രണയം, മല്ലിയും റാമും തമ്മിലുള്ള ഹൃദയബന്ധം, മധുരപലഹാരങ്ങൾ ഉണ്ടാക്കി ജീവിതം കഴിക്കുന്ന പാട്ടിയുടെ സ്നേഹപാശം, ആനന്ദിയുടെ കഥയിലൂടെയും ഡയറിക്കുറിപ്പിലൂടെയും പുറത്തുവന്ന ശ്രീലങ്കൻ ജീവിതം എല്ലാം നോവലിന്റെ കഥാഗാത്രത്തെ പാരായണക്ഷമമായി നിലനിർത്തുന്നുണ്ട്.
ഇതര കഥാപാത്രങ്ങളുടെ ഉപകഥകളിലൂടെയാണ് തമിഴക ഭൂമിശാസ്ത്രത്തിന്റെ സൗന്ദര്യമുള്ള ചിത്രങ്ങൾ വിടർന്നുവരുന്നത്. കഥാന്ത്യത്തിൽ മുനമ്പത്തുനിന്ന് സഹോദരനെത്തേടിയുള്ള ആനന്ദിയുടെ യാത്രയും വായനക്കാരുടെ പ്രാർഥനയാവുന്നുണ്ട്. പറയാതെ പറഞ്ഞ പ്രണയവുമായി റാം ശൂന്യമായ മിഴികളോടെ നിന്ന കാഴ്ച ഉള്ളിൽ അലോസരമായി നിറയും
.
റാം c/o ആനന്ദി എന്ന നോവൽ വിപണിയിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ് . വളരെ പ്രാധാന്യമുള്ള ചില സാമൂഹ്യപ്രശ്നങ്ങളെ ഈ നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്. ആഖ്യാനത്തിലെയോ ഭാഷാപ്രയോഗത്തിലെയോ പുതുമകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയുമല്ല ഇത്. സംഭാഷണങ്ങളുടെ രേഖാ പ്രവാഹവും കഥാപാത്രങ്ങളുടെ അന്യോന്യമുള്ള സന്ദർശനങ്ങളുടെ രസകരമായ വിവരണങ്ങളും ആണ് ഓരോ അധ്യായവും..
മല്ലിയും റാമും തമ്മിലുള്ള സംഭാഷണങ്ങൾ പോലും നമ്മെ ബാധിക്കുന്നു. ആനന്ദിയുടെ ദൈന്യം നിറഞ്ഞ ഭൂതകാലം വായനക്കാരനെ അലോസരപ്പെടുത്തുന്നു. രേഖീയമായ ആവിഷ്കാരത്തിലൂടെ ലളിതമായ സത്യങ്ങൾ പറഞ്ഞുകൊണ്ട് വർത്തമാന സാമൂഹ്യപരിസരങ്ങളെ ഈ കൃതി അഭിസംബോധന ചെയ്യുന്നുണ്ട്.
ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്‌ഥ മല്ലിയുടെയും കൂട്ടുകാരുടെയും ജീവിതത്തിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. രാഷ്ട്രത്തിനുള്ളിൽ മതിയായ സംരക്ഷണമില്ലാതെഅന്യവൽക്കരിക്കപ്പെടുന്നവരുടെയുംഅഭയാർത്ഥികളാക്കപ്പെടുന്നവരുടെയും ചിത്രങ്ങൾ ചരിത്രത്തിലെ വർത്തമാന യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ വായിച്ചെടുക്കാം.
ശ്രീലങ്കയിലെ തമിഴു വംശജരുടെ കൂട്ടമായുള്ള പലായനവും സ്ത്രീകൾ ഏകാധിപത്യത്തിനു കീഴിൽ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളും വിവരിക്കുമ്പോൾ നോവൽ ചൂണ്ടിക്കാണിക്കുന്നത് വ്യവസ്‌ഥയിൽ അന്തർലീനമായിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് .
വായനക്കാരിൽ അനുതാപം ഉണർത്തുന്നതോടൊപ്പം അഖിൽ പി ധർമജന്റെ പുസ്തകം മനുഷ്യാവസ്‌ഥ അഭിമുഖീകരിക്കുന്ന സങ്കീർണമായ രാഷ്ട്രീയപ്രശ്നങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഈയിടെ പുറത്തിറങ്ങി.സി. കെ ഹരിതയാണ് പരിഭാഷക.
വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികൾക്കാണ് പുരസ്കാരം ലഭിച്ചത്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
https://www.facebook.com/Malayalivartha

























