അഴീക്കല്‍ തുറമുഖത്തിനു സമീപം പുറംകടലില്‍ തീപിടിച്ച വാന്‍ ഹായ്-503 കപ്പല്‍, തീയണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റിയേക്കും

അഴീക്കല്‍ തുറമുഖത്തിനു സമീപം പുറംകടലില്‍ തീപിടിച്ച വാന്‍ ഹായ്-503 കപ്പല്‍, തീയണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റിയേക്കും.
നിലവിലിപ്പോള്‍ കേരള തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. കപ്പല്‍ ഇപ്പോഴുള്ള സ്ഥലവുമായുള്ള ദൂരം പരിഗണിക്കുമ്പോള്‍ അടുത്ത തുറമുഖമെന്ന നിലയിലാണ് ഹമ്പന്‍ടോട്ട പരിഗണിക്കുന്നത്. ഏകദേശം 480 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹമ്പന്‍ടോട്ട തുറമുഖം.
കപ്പല്‍ കമ്പനിയും ഈ തുറമുഖവുമായി ദീര്‍ഘനാളത്തെ വ്യാപാര ഇടപാടുകളുമുണ്ട്. ഇതും ഹമ്പന്‍ടോട്ട പരിഗണിക്കാനായി കാരണമായി. തുറമുഖ അധികൃതരുമായി കപ്പല്‍കമ്പനി പ്രാഥമിക ചര്‍ച്ച നടത്തി. തുറമുഖ അധികൃതരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഹമ്പന്‍ടോട്ടയിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ദുബായിയിലെ ജബല്‍ അലി, ബഹ്റൈന്‍ എന്നീ തുറമുഖങ്ങളും പരിഗണനയിലുണ്ട്. തീ പൂര്‍ണമായി അണച്ച ശേഷമേ മാറ്റൂവെന്നും ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു.
അതേസമയം കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. എന്നാല്‍, തീനാളങ്ങള്‍ കാണാനില്ല. കപ്പലിലെ തീ പടര്‍ന്ന സ്ഥലങ്ങളിലെ ചൂട് 175 ഡിഗ്രയില്‍ താഴെയായി താഴ്ന്നിട്ടുണ്ട്. കപ്പലിലേക്ക് ടഗ്ഗുകളുടെ സഹായത്തോടെ രണ്ട് ജനറേറ്ററുകള്‍ എത്തിക്കാന്‍ ശ്രമവും പുരോഗമിക്കുന്നുണ്ട്. കപ്പലിലെ തീയണയ്ക്കാനുള്ള അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ക്കായും ഉള്ളിലെ വൈദ്യുതി സംവിധാനം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിക്കുവേണ്ടിയും ജനറേറ്ററുകള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha