കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ വന്‍ പ്രതിഷേധം

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യമന്ത്രിയുടെ ഒറ്റ വാക്കിലാണ് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടതെന്ന് പ്രതിപക്ഷന നേതാവ് വിഡി സതീശന്‍ പറഞ്ഞു. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണ്. ആരോഗ്യ മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിക്കാന്‍ ഇടയായ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്. ഏറ്റവും സങ്കടകരമായ കാര്യം അവിടെ രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ്. അതിന് ഇടയാക്കിയത് സംഭവസ്ഥലത്തെത്തിയ ആരോഗ്യമന്ത്രിയും സഹകരണവകുപ്പ് മന്ത്രിയും അത് അടഞ്ഞുകിടക്കുന്ന കെട്ടിടമാണെന്നും അതിന് അകത്ത് ഒരാളുമില്ലെന്ന് ഔദ്യോഗികമായ പ്രഖ്യാപിച്ചതാണെന്നും സതീശന്‍ പറഞ്ഞു.
ഉപയോഗിക്കുന്ന കെട്ടിടമാണെന്ന് അവിടെയുള്ളവര്‍ പറഞ്ഞിട്ടും മന്ത്രി അങ്ങനെ പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും വീണാ ജോര്‍ജ് പറണമെന്ന് സതീശന്‍ പറഞ്ഞു. മൈക്കിന് മുന്നില്‍ വന്ന് ആരെങ്കിലും തയ്യാറാക്കി കൊടുക്കുന്നത് പറയുന്നതാണ് അവരുടെ ജോലി. കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് വീണാ ജോര്‍ജ്. ഗുരുതരമായ തെറ്റാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്, മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നത് സ്വകാര്യ ആശുപത്രികളിലെ ചെലവ് വര്‍ധിച്ചത് കൊണ്ടാണ്. പാവപ്പെട്ടവരെ സഹായിക്കാന്‍ കൊണ്ടുവന്ന പദ്ധികളെല്ലാം ഈ സര്‍ക്കാര്‍ ഒഴിവാക്കി. ആരോഗ്യരംഗത്തെ ഇത്ര ദയനീമായ അവസ്ഥയിലേക്ക് എത്തിച്ചത് ആരോഗ്യമന്ത്രിയാണ്. അപകടം ഉണ്ടായാല്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനല്ലേ എല്ലാവരും ആദ്യം പറയുക പറയുക. ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി നേരെ വന്ന് അവിടെ ആരുമില്ല എന്ന് പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിനു കാരണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എംഎല്‍മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴായിരുന്നു അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
"
https://www.facebook.com/Malayalivartha