സെല്ല് നിറയെ വിസർജ്യം, 20 ദിവസത്തെ പ്ലാനിങ്, ആ സെല്ലിനുള്ളിൽ കാട്ടിക്കൂട്ടിയത് അവരുടെ അറിവോടെ.. CPMനെ വെട്ടിലാക്കി ചാമി

20 ദിവസം കൊണ്ട് അതീവ സുരക്ഷാ മേഖലയിൽ വരുന്ന ജയിലിൽ ജയിൽ കമ്പി പൊളിച്ച് മൂന്നോളം മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയെന്നത് ഗോവിന്ദചാമിയെന്ന കൊടും കുറ്റവാളിയൊരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. സഹപ്രവർത്തകനാണ് തന്നെ സഹായിച്ചതെന്നും ഗുരുവായൂർ ക്ഷേത്രത്തിലെ മോഷണമായിരുന്നു ലക്ഷ്യമെന്നതും നിലവിൽ അത്ര വിശ്വാസ യോഗ്യമായ കാര്യവുമില്ല. നിരവധി ദുരൂഹതകൾ വലിയ കണ്ണികൾ പുറത്ത് ഗോവിന്ദചാമിയെ കാത്ത് കഴിയുന്നു എന്ന് തന്നെയാണ് ഈ ജയിൽ ചാട്ടത്തിലൂടെ വ്യക്തമാകുന്നത്.
ഇനി എത്രയും പെട്ടന്ന് തന്നെ അത് ആരാണ് എന്താണ് എത്രപേരാണ് ആ സംഘത്തിലുള്ളത് എന്നത് കണ്ടെത്തുക മാത്രമാണ് മുഖം രക്ഷിക്കാനുള്ള പോലീസിന് മുന്നിലെ ഏക വഴി. എന്തായാലും ഒരു സാമൂഹിക പ്രശ്നമെന്നതിനുപരി ഇത് ഒരു രാഷ്ട്രീയ ചർച്ചാ വിഷയമായി കൂടെ മാറിയിട്ടുണ്ട്.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിന്റെ ജയിൽ ചാട്ടത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ രംഗത്ത് എത്തിയത്. നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ആഭ്യന്തര വകുപ്പെന്ന സിസ്റ്റം കൂടി തകരാറിലായെന്നും മുരളീധരൻ വിമർശിച്ചു.
കണ്ണൂർ ജയിലിലെ ഉപദേശക സമിതി അംഗമാണ് പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയംഗത്തിന് ഇത്തരം ഒരു ചുമതല നൽകിയത് പാർട്ടിക്കും സർക്കാരിനും ജയിലിൽ പ്രത്യേക താൽപ്പര്യമുള്ളത് കൊണ്ടാണ്. ജയിൽ ചാട്ടവും കണ്ണൂർ ജയിലിലെ സിപിഎം പ്രതികളുമായി ചേർത്തു വായിക്കേണ്ടതുണ്ട്. ജയിലിനകത്ത് നിന്നും പുറത്ത് നിന്നും ലഭിച്ച സഹായം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ജയിലിന്റെ നിയന്ത്രണം സിപിഎം മാഫിയയ്‌ക്കാണ്.
മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കൾ ജയിലിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ യാതൊരു മാറ്റവും ഉണ്ടായില്ലെന്നതിന് തെളിവാണ് ജയിൽ ചാട്ടം. ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ കൊടും ക്രിമിനൽ ചാടി പോയിട്ട് ഏഴ് മണിയോടെയാണ് ജയിൽ അധികൃതർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചത്. അയാളെ കണ്ടെത്തരുതെന്ന് കരുതിയാണോ ഇത്രയും സമയം വിവരം ഒളിച്ചുവച്ചത്. പ്രതിയെ പിടികൂടിയതിലുള്ള അഭിന്ദനം അർഹിക്കുന്നത് നാട്ടുകാർക്കും മാദ്ധ്യമങ്ങൾക്കുമാണെന്നും മുരളീധരൻ പറഞ്ഞു.
അതേ സമയം കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിൽ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, 'ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ജയിലിനുള്ളിൽ നിന്നും പുറത്തു നിന്നും ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയെന്നതിൽ ഒരു സംശയവുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ആൾ രാത്രി ഒന്നേ കാലിന് കമ്പികൊണ്ട് ജയിൽ മുറിയിലെ ജനൽ കമ്പി മുറിച്ച് പുറത്തു കടന്ന് തുണി കെട്ടി ഇത്രയും വലിയ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്. സർക്കാരിന് ഏറ്റവും പ്രിയപ്പെട്ടവർ ജയിലിൽ ഉണ്ടെന്ന് അറിയാം. എന്നാൽ ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായതെന്ന് സതീശൻ വിമർശിച്ചു. അഞ്ച് മണിക്കാണ് തടവ് ചാടിയ വിവരം ജയിൽ അധികൃതർ അറിഞ്ഞത്. ഏഴ് മണിക്കാണ് പോലീസ് അറിഞ്ഞത്. സാധാരണക്കാരായ നാട്ടുകാർ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. സർക്കാരിന് അപമാനകരമായ സംഭവമാണ് നടന്നത്.
ഏകാന്ത തടവിൽ കിടക്കുന്നയാൾ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോൾ നിലത്തു വീഴാതിരിക്കാൻ വേണ്ടി അത്രയും കട്ടിയുള്ള ബെഡ് ഷീറ്റാണ് നൽകിയത്. ജയിൽ ചാടുന്നയാളുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ സാധനങ്ങളും ജയിലിൽ ലഭ്യമായിരുന്നു. എന്നിട്ടാണ് ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാൾ ഒറ്റക്കൈ കൊണ്ട് ചാടിയെന്ന അദ്ഭുതമുണ്ടായത്. ഇത് ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല. ജയിലിനുള്ളിൽ നിന്നും എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് പ്രതികളാണ്. ഈ ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിവരയിടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്.
സതീശൻ കുറ്റപ്പെടുത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് നിരവധി തവണ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും പറഞ്ഞിട്ടുണ്ട്. ടി.പി വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾക്ക് സർക്കാരും ജയിൽ അധികൃതരും എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ടി.പി കേസിലെ പ്രതികൾക്ക് അവരുടെ ഇഷ്ടത്തിന് പരോളും ഇഷ്ടമുള്ള ഭക്ഷണവുമാണ് നൽകുന്നത്. ജയിലിലെ മെനു തീരുമാനിക്കുന്നതു തന്നെ ഈ പ്രതികളാണ്. ഇഷ്ടമുള്ള മദ്യവും ലഹരി മരുന്നും സുലഭമായി ലഭിക്കും. ഇതുകൂടാതെ ലഹരി മരുന്ന് കച്ചവടവും ഗുണ്ടായിസവും ക്വട്ടേഷനും ജയിലിൽ ഇരുന്നു കൊണ്ടാണ് ഈ പ്രതികൾ നടത്തുന്നത്. കിരീടം വയ്ക്കാത്ത രാജാക്കൻമാരെ പോലെയാണ് ഈ പ്രതികൾ ജയിലിൽ കഴിയുന്നത്.
കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. പി.ജയരാജൻ ഉൾപ്പെടെയുള്ളവരെ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയതു തന്നെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെങ്കിലും കുറവുണ്ടോയെന്ന് ഇവർ ഇടയ്ക്കിടെ പോയി അന്വേഷിക്കും. പ്രതികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോൺ മാറ്റിക്കൊടുക്കും. ജയിലിൽ ഇരുന്നാണ് ഈ പ്രതികൾ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha