ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.
സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന 10-ാം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.
തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു.
എന്നാൽ പൊലീസ് ഇയാളെ പിടികൂടി. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരം കുറച്ചതും മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും സെല്ലിലെ കടുപ്പമേറിയ കമ്പികൾ ദ്രവിപ്പിച്ചശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ ആരും അറിഞ്ഞതേയില്ല. കൊടുംക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ച മുതലാക്കിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഇതിന് പുറത്തുനിന്നും ജയിലിന് ഉള്ളിൽ നിന്നും വ്യക്തമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സംശയവും ഉയരുന്നുണ്ട്.പിടിയിലാകുമ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നത്. ഇവ എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന സെൽമുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത് കൊടും ക്രിമിനലായ ഗോവിന്ദച്ചാമി അവസരമാക്കി. എന്തിനും മടിക്കാത്ത ക്രിമിനലിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ വെളിച്ചമെത്തിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതും സുരക്ഷാവീഴ്ചയാണ്.
ജയിൽ ചാട്ടം പൂർണമായി ഇല്ലതാക്കാനാണ് സെൻട്രൽ ജയിൽ വളപ്പുകളിലെ മതിലിനുമുകളിൽ ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചത്. തീവ്രത കുറഞ്ഞ കറണ്ട് ദിവസം മുഴുവൻ ഇതിലുണ്ടാവും. ഇതിൽ ഒരാൾ സ്പർശിക്കാൻ ഇടയായാൽ അയാൾക്ക് ശക്തമായി ഷോക്കേൽക്കും.
എന്നാൽ ജീവഹാനി ഉണ്ടാവില്ല. ഈ ഇലക്ട്രിക് ഫെൻസിംഗിന് മുകളിലൂടെ തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ വടം എറിഞ്ഞാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഈ സമയം ഫെൻസിംഗിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. കറണ്ടുപോയാൽ പകരം സംവിധാനം ഒരുക്കാൻ ജനറേറ്റർ സംവിധാനങ്ങൾ ജയിൽ ഉണ്ടാവണം. കണ്ണൂർ ജയിൽ ജനറേറ്റർ ഉണ്ടായിരുന്നോ, അത് പ്രവർത്തിച്ചിരുന്നോ എന്നകാര്യം ഇനി പുറത്തുവരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha