പുലിയുടെ മുന്‍പില്‍പ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവന്‍ ഒടുവില്‍ വൈദ്യുതക്കെണിയില്‍ കുരുങ്ങി...

എട്ടുമാസങ്ങള്‍ക്ക് മുന്‍പ്, വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ചൂളപ്പറമ്പില്‍ ബോബിയുടെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തി ബോബിയുടെ വളര്‍ത്തുനായയെ പിടിച്ചു. കഴുത്തില്‍ പല്ല് ആഴ്ത്തിയിറക്കുമ്പോള്‍ ബോബി ഇതുകണ്ടു. പേടിച്ചോടാതെ ബഹളം വെച്ചും കൈയില്‍കിട്ടിയത് എടുത്തെറിഞ്ഞും നായയെ രക്ഷിക്കാനായി തന്നാലാവുന്നത് ചെയ്തു. ഒടുവില്‍ നായയുടെ പിടിവിട്ട് പുലി തിരിച്ചോടിപ്പോയി...
പുലിയുടെ മുന്‍പില്‍പ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവന്‍ ഒടുവില്‍ വൈദ്യുതക്കെണിയില്‍ കുരുങ്ങി നഷ്ടമായത് നാടിന്റെ ഞെട്ടലായി. പശുക്കടവ് മലയോരത്തിന്റെ ഏറ്റവുമറ്റത്ത് കോങ്ങാട് ഇഞ്ചിപ്പാറ റോഡ് അവസാനിക്കുന്നയിടത്താണ് ബോബിയുടെ വീട്. എന്നും പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടിയാണ് ജീവിതം. മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി, അല്ലാത്ത സമയത്ത് വന്യമൃഗശല്യം.ഇടയ്ക്കിടെ കാട്ടാനയും മറ്റു വന്യജീവികളും ഇറങ്ങും.
പക്ഷേ, ഒന്നിനുമുന്നിലും മുട്ടുമടക്കില്ല ബോബി. ഭര്‍ത്താവ് ഷിജുവിന് കണ്ണൂര്‍ ആലക്കോടിലാണ് ജോലി. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് വരുക. രണ്ടു മക്കള്‍ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലത്ത് കഴിയുന്നതിന് ബോബിക്ക് ഭയമേ ഉണ്ടായിരുന്നില്ല. മൂത്തമകള്‍ ബെംഗളൂരുവില്‍ നഴ്സിങ് പഠിക്കുകയാണ്. ജീവിതമാര്‍ഗമായിരുന്നു ബോബിക്ക് പശുവളര്‍ത്തല്‍. കൂടാതെ, ആടുകളുമുണ്ട്. തൊഴിലുറപ്പു ജോലിക്കും പോകുകയും ചെയ്യും.
വെള്ളിയാഴ്ച വൈകുന്നേരം ബോബിയെയും പശുവിനെയും കാണാനില്ലെന്ന വിവരം അറിഞ്ഞതുമുതല്‍ നാടാകെ സംശയിച്ചത് വന്യമൃഗ അക്രമത്തെക്കുറിച്ചാണ്. ഇതേത്തുടര്‍ന്നാണ് കാട് കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എന്നാല്‍, സാധാരണ പശുവിനെ മേയ്ക്കാനായി പോകുന്ന സ്ഥലങ്ങളിലൊന്നും സംശയിക്കത്തക്കയൊന്നും കണ്ടില്ല. ഇതോടെ ആശങ്കയേറി. വെളിച്ചക്കുറവ് തിരച്ചിലിന് തിരിച്ചടിയായി. അപ്പോഴെല്ലാം വീടിന്റെ രണ്ടുപറമ്പ് അപ്പുറം ബോബിയും പശുവും നിശ്ചലരായി കിടക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്തേക്ക് കാര്യമായി തിരച്ചില്‍ നടത്തിയിരുന്നില്ല. കാരണം വനമേഖല വീടിന്റെ മറുവശത്താണ്. അങ്ങോട്ടാണ് എല്ലാവരും ശ്രദ്ധകേന്ദ്രീകരിച്ചത്.
12 മണിക്കുശേഷം വെളിച്ച സംവിധാനമൊരുക്കി ഈ ഭാഗത്തുകൂടി തിരച്ചില്‍ നടത്തിയപ്പോഴാണ് ബോബിയുടെയും പശുവിന്റെയും മൃതദേഹം കണ്ടത്. അല്പസമയത്തിനകംതന്നെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷമാണ് മരണമെന്നാണ് സൂചന. രണ്ടുമണിക്ക് ബോബി ബെംഗളൂരുവിലെ മകളെ വിളിച്ചിരുന്നു. ആ സമയം പശുവിനെ മേയാന്‍ വിട്ടിട്ടുണ്ടെന്ന് മകളോട് പറയുകയും ചെയ്തു. ഇതിനുശേഷമായിരിക്കാം സംഭവം.
"
https://www.facebook.com/Malayalivartha