കൊല്ലം ജില്ലയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

കൊല്ലം ജില്ലയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാവിലെ 9.30ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ 71.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഡയാലിസിസ് യൂണിറ്റ് സമർപ്പിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനാകും.
11 ന് ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37.5 ലക്ഷം രൂപ ചെലവിൽ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം 27.5 ലക്ഷം രൂപയുടെ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റും തുറക്കും. സുജിത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷനാകും. ചവറയിലെ കൊറ്റൻകുളങ്ങര, പുതുക്കാട്, വള്ളിക്കീഴ് ജനകീയാരോഗ്യ കേന്ദ്രങ്ങളും നാടിനു സമർപ്പിക്കും.
ഉച്ചയ്ക്ക് 12 ന് ആശ്രാമത്തുള്ള സർക്കാർ സ്കൂൾ ഓഫ് നഴ്സിംഗിൽ 1.54 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കിൽ ലാബ് മന്ത്രി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അധ്യക്ഷനാകും.
ഉച്ചയ്ക്ക് രണ്ടിന് നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തെ 37.5 ലക്ഷം രൂപ ചെലവിൽ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും, 27.5 ലക്ഷം വിനിയോഗിച്ചുള്ള ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെയും, മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനാകും. വൈകിട്ട് 3 ന് ചാത്തന്നൂരിലെ പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.2 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടം സമർപ്പിക്കും.
https://www.facebook.com/Malayalivartha