കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി

രാഹുല്‍ മാങ്കൂട്ടത്തിനെ പാലക്കാട് കാലുകുത്താന്‍ സമ്മതിക്കില്ല എന്നാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രഖ്യാപനം. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.
അബിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബാഹുബലി സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രമുള്ള പോസ്റ്റര്‍ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുല്‍ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞതോടെ വാട്‌സ്അപ്പില്‍ തര്‍ക്കം മൂത്തു. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു ദേശീയ നേതൃത്വം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസില്‍ ധാരണയായി.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താന്‍ പരാതി ഉന്നയിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് യുഎഇയിലെ പ്രവാസി എഴുത്തുകാരി. രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കെടുത്ത് ആരോപണവുമായി എതിര്‍ പാര്‍ട്ടിയിലെ ആളുകള്‍ രംഗത്ത് വരുന്നു എന്ന് പറയുന്നത് മനസ്സിലാക്കാം.
എന്നാലിവിടെ സ്വന്തം പാര്‍ട്ടിയിലെ ആള്‍ക്കാര്‍ തന്നെയാണ് രാഹുലിനെതിരെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ ഇത്രമാത്രം സ്ത്രീകള്‍ ഇവിടെ ഒരുമ്പെട്ടു നില്‍ക്കുകയാണെന്നാണോ ഉദ്ദേശിക്കുന്നതെന്നും അവര്‍ ചോദിച്ചു. ഒരു വ്യക്തിക്കെതിരെ ആരെങ്കിലും ആരോപണമുന്നയിക്കുമ്പോള്‍ അയാളില്‍ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായ മറ്റു സ്ത്രീകളും മുന്നോട്ടുവരുക സ്വാഭാവികമാണ്.
അതില്‍ നമ്മള്‍ രാഷ്ട്രീയവും മറ്റും കുത്തിത്തിരുകിയിട്ട് പ്രശ്‌നത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയരുത്. സ്ത്രീകള്‍ക്ക് ഒട്ടും അനുയോജ്യമായ സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നുകൊണ്ടാണ് അവര്‍, അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്. അപ്പോള്‍ അവര്‍ നേരിടുന്ന സൈബര്‍ ആക്രമണം വളരെ വലുതാണ്.
മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ മാതാപിതാക്കളെയും രക്ഷിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളേയുമൊക്കെ സമൂഹമാധ്യമത്തില്‍ മോശമായി ചിത്രീകരിച്ച് പലരും അവരെ നേരിടാന്‍ ശ്രമിക്കുന്നു. സൈബര്‍ ആക്രമണം എന്ന ഭീകര സാഹചര്യത്തിലേക്ക് സ്ത്രീകള്‍ അനാവശ്യമായി വന്നുകൊണ്ടിരിക്കുന്നു എന്ന് പറയുന്നത് തന്നെ മണ്ടത്തരമാണ്. രാഹുലിന്റെ കാര്യത്തില്‍ മുന്‍പും പലരും അവരുടെ ദുരനുഭവം പങ്കുവച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കര്‍ഷക സമരം നടക്കുമ്പോള്‍ എനിക്കറിയാവുന്ന ഒരു പെണ്‍സുഹൃത്തിന്റെ അടുത്ത് പോയിട്ട് നമുക്ക് അങ്ങോട്ട് പോകാമെന്ന് പറയുകയും ആ സുഹൃത്ത് രാഹുലിനെ ആട്ടിയോടിക്കുകയും ചെയ്ത സംഭവം എനിക്കറിയാം.
ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ഞാന്‍ രംഗത്ത് വന്നത് എനിക്കൊപ്പമോ എനിക്ക് പിന്നാലെയോ നടക്കുന്ന സ്ത്രീകള്‍ക്ക് വെളിച്ചമാകാന്‍ വേണ്ടിയിട്ടാണ്. ഞാനീ പറഞ്ഞതിന് ഫലം കിട്ടാന്‍ പോകുന്നത് എനിക്കല്ല, രാഹുലിന്റെ പാര്‍ട്ടിയിലെ മറ്റു സ്ത്രീകള്‍ക്കാണ്. കാരണം, രാഷ്ട്രീയത്തില്‍ താത്പരര്യമുള്ള സ്ത്രീകള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതലും ഇടപെടുന്നത് യൂത്ത് കോണ്‍ഗ്രസിലായിരിക്കുമല്ലോ. സമൂഹം ആടിനെ പട്ടിയാക്കുന്ന സ്വഭാവം നിര്‍ത്തി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അവര്‍ പറയുന്നു. ഒരു സ്ത്രീ ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ ആദ്യം ആ സ്ത്രീ എന്താണ് പറയുന്നതെന്ന് കേള്‍ക്കാനുള്ള മാനിസികാവസ്ഥ ഉണ്ടാകുക എന്നത് പ്രധാനമാണ്.
സ്ത്രീകള്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സ്ഥലത്ത് നിന്നാണ് അവര്‍ തങ്ങള്‍ക്ക് സംഭവിച്ച മോശം കാര്യം വിളിച്ചുപറയുന്നത്. ഈ സമയം സമൂഹം അവരെ ചേര്‍ത്തുപിടിക്കണം. അല്ലാതെ, ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍, പേര് വെളിപ്പെടുത്തൂ, തുറന്നുപറയൂ, കേസിന് പോകൂ എന്നൊക്കെ പറയുന്നത് നല്ല രീതിയല്ല. മാത്രമല്ല, വെളിപ്പെടുത്തല്‍ നടത്തുന്ന സ്ത്രീകളോടൊക്കെ സമൂഹം വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. ഇരട്ട മുഖം എന്നത് മാറ്റി നിര്‍ത്തിക്കൊണ്ട് സമൂഹം വേട്ടക്കാരനെ വേട്ടക്കാരനായിട്ടും ഇരയെ ഇരയായിട്ടും കാണാന്‍ പഠിക്കുകയും ആ രീതിയില്‍ തന്നെ അവരെ സമീപിക്കുകയും വേണം.
മൂന്ന് ദിവസം ആലോചിച്ചാണ് രാഹുലിനെ തുറന്നുകാട്ടാന്‍ താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. നേരത്തെ എനിക്ക് രാഹുലുമായി രാഷ്ട്രീയപരമായ വിയോജിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. താനുമായി നടത്തിയ ആരോഗ്യപരമായ സംഭാഷണം അയാള്‍ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ പറഞ്ഞുപരത്തിയ സാഹചര്യം വന്നപ്പോഴാണ് അയാള്‍ക്കെതിരെ നീങ്ങാനുള്ള നടപടി ഞാനെടുക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ല. രാഹുലിന്റെ സുഹൃത്തുക്കളിലൂടെ തന്നെയാണ് അയാള്‍ പറഞ്ഞുനടക്കുന്ന വൃത്തികേടുകള്‍ എന്നിലേക്ക് എത്തിയിട്ടുള്ളത്.
എനിക്ക് അടുപ്പമുള്ള ഒരു സുഹൃത്താണ് ഇക്കാര്യം എന്നെ കൃത്യമായി അറിയിച്ചത്. ആരാണ് പറഞ്ഞത് എന്ന് ഞാന്‍ വെളിപ്പെടുത്തിയാല്‍ അവരുടെ രാഷ്ട്രീയ ഭാവി കൂടി പ്രശ്‌നത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ മാത്രം ഞാന്‍ ഈ പ്രശ്‌നം ഇവിടെ നിര്‍ത്തുകയാണ്. തുടര്‍ നടപടികളിലേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസിലെ സ്ത്രീകളുടെ ആരോപണങ്ങളൊന്നും ഇതുവരെ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇവര്‍ക്കൊന്നും പാര്‍ട്ടിയില്‍ ഉയരങ്ങളിലേക്ക് പോകാന്‍ സാധിച്ചിട്ടുമില്ല. അവരെയെല്ലാം തള്ളി താഴെയിടുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎല്‍എയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും.
പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തലിനെതിതരെ ഗുരുതര ആരോപണവുമായി ട്രാന്‍സ്വുമണ്‍ രംഗത്തെത്തിയത് നാണക്കേടായി. 'നിന്നെ എനിക്ക് റേപ് ചെയ്യണം' എന്ന ആവശ്യവുമായി രാഹുല്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ട്രാന്‍സ്വുമണ്‍ വെളിപ്പെടുത്തി. ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി രാഹുല്‍ തന്നോട് മോശം രീതിയില്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
'രണ്ടര വര്‍ഷത്തിന് മുകളിലായി അയാളെ എനിക്ക് പരിചയമുണ്ട്. അന്ന് വളരെ വര്‍ഗര്‍ ആയ രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി മേസേജ് അയക്കുകയും ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിന്നെ എനിക്ക് റേപ് ചെയ്യണം എന്നായിരുന്നു പറഞ്ഞത്.' അവര്‍പറഞ്ഞു.
ഇത്രയും ലൈംഗിക ദാരിദ്രവും വൈകൃതവുമുള്ള ഒരു നേതാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നാണ് രാജിവെച്ചത്. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അയാള്‍ക്ക് ഒരു യോഗ്യതയുമില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇയാള്‍ എന്നോട് സംസാരിച്ചത്. ആദ്യം മെസഞ്ചറില്‍ ഇങ്ങോട്ട് സന്ദേശം അയക്കുകയും തുടര്‍ന്ന് നമ്പര്‍ വാങ്ങുകയുമായിരുന്നു. ടെലഗ്രാമില്‍ ഒരിക്കല്‍ മാത്രം കാണാന്‍ പറ്റുന്ന രീതിയിലായിരുന്നു മെസേജുകള്‍ വന്നത്. തെളിവുകളെല്ലാം അയാള്‍ നശിപ്പിക്കുകയും ചെയ്തു. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായപ്പോള്‍ നിരവധി തവണ അയാള്‍ എന്നെ വിളിച്ചുവെന്നും അവര്‍ പറഞ്ഞു. ഫോണിലേക്ക് വന്ന മിസ് കോളുകളുടെ വിവരങ്ങളും ബൈറ്റ് നല്‍കുന്നതിനിടെ അവന്തിക പരസ്യപ്പെടുത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ ധാര്‍മികതയുടെ പേരിലാണു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ചതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സമാന കേസുകളില്‍ സിപിഎമ്മും ബിജെപിയും സ്വീകരിക്കാത്ത മാതൃകയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നു മാറിനില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. ഇതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ ആരോപണവിധേയരായ ആളുകള്‍ നിയമസഭയില്‍ ഉള്ളതുകൊണ്ടാണു രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എം.വി.ഗോവിന്ദന്‍ പോലും ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അതിജീവിതകള്‍ക്കൊപ്പം തന്നെയാണ് താനെന്ന് കെ.കെ.രമ എംഎല്‍എ. എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങള്‍ക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്കിലൂടെയായിരുന്നു രമയുടെ പ്രതികരണം...
മുന്‍പ് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോള്‍ വിവാദമായ ഈ വിഷയത്തിലും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. മാധ്യമങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല.
ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാര്‍ത്തകളില്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകള്‍ നല്‍കിയിരുന്നു.
എത്ര വലിയ നേതാവായാലും ആരോപിക്കപ്പെട്ട പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ സംരക്ഷിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖണ്ഡിതമായി പ്രസ്താവിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തിരിക്കുന്നു.
ഒരു വിഷയം ഉയര്‍ന്നു വന്നപ്പോള്‍ വളരെ പെട്ടന്ന് തന്നെ കോണ്‍ഗ്രസ് സ്വീകരിച്ച കൃത്യതയാര്‍ന്ന ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപീഡന വിഷയങ്ങളില്‍ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.
സ്ത്രീ പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ക്ക് നിര്‍ഭയമായി നിയമ പോരാട്ടം നടത്താനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. അതിന് പര്യാപ്തമായ സാമൂഹ്യാന്തരീക്ഷം ഇനിയും ഇവിടെ ഉണ്ടായിട്ടില്ല.
തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളുമായി കോടതിമുറികളിലെത്തിയ അതിജീവിതമാര്‍ പിന്നെയും സാമൂഹ്യ വിചാരണകള്‍ക്ക് വിധേയരാവുകയും അവരെ പിന്തുണച്ചവര്‍ അപഹസിക്കപ്പെടുകയും ചെയ്യുകയാണ്.
പോലീസ് നേരിട്ട് ആത്മഹത്യ എന്ന് ചിത്രീകരിച്ച വളയാര്‍ പെണ്‍കുട്ടികളുടെ കൊലയില്‍ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ അമ്മയുടെ തലയില്‍ കെട്ടിവെച്ച് സ്റ്റേറ്റിനെയും പോലീസിനെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആയിരക്കണക്കിന് സൈബര്‍ ഹാന്‍ഡിലുകള്‍ പണിയെടുത്ത നാടാണ് ഇത്. ആ കേസില്‍ നീതി തേടി ഒപ്പം നിന്ന ഞങ്ങളെല്ലാം ഇപ്പോഴും അപഹസിക്കപ്പെടുന്നു. സിനിമാരംഗത്ത് അതിജീവിതയായ അഭിനേത്രിയുടെയും അവര്‍ക്കൊപ്പം നിന്ന കലാകാരികളുടെയും അവസ്ഥ മറിച്ചല്ല.
എത്രമേല്‍ ഒറ്റപ്പെടുത്തപ്പെട്ടാലും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങള്‍ക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അങ്ങനെ വരുന്നവര്‍ക്കിടയിലെ ഐക്യം വളര്‍ത്തിയെടുക്കുക എന്നത് ജനാധിപത്യവാദികളുടെയാകെ ഉത്തരവാദിത്തമാണ്.
"
https://www.facebook.com/Malayalivartha