തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നഴ്‌സിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ നഴ്‌സും ആറ്റിങ്ങല്‍ പളളിക്കല്‍ സ്വദേശിയുമായ അഞ്ജലി റാണിയാണ് (28) മരിച്ചത്. വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അഞ്ജലിയുടേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ ഞാന്‍ പോകുന്നുവെന്നായിരുന്നു എഴുതിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി. വിവാഹിതയായ അഞ്ജലി ജോലിക്കുവേണ്ടി നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. ആശുപത്രിയിലെ നാല് ജീവനക്കാരും യുവതിയോടൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ഇന്ന് അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.
സംഭവസമയം അഞ്ജലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമയമേറെയായിട്ടും യുവതിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha