ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.
ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha