വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്

റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയതിന് പിന്നാലെ വേടന് എതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഗവേഷക വിദ്യാര്‍ഥിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. ഇതിലൊന്നിലാണ് ഇപ്പോഴത്തെ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പദപ്രയോഗം, അശ്ലീല ചേഷ്ടകള്‍ കാണിക്കല്‍ എന്നിവയാണ് പുതിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 2020ല്‍ ആണ് സംഭവം. കൊച്ചിയിലെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുന്ന വിധത്തില്‍ പെരുമാറി എന്നുമാണ് ആക്ഷേപം. ഇക്കഴിഞ്ഞ 21 നാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ നിലവില്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയില്‍ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇക്കലമത്രയും എന്നായിരുന്നു ഇതിന് പരാതിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. ഇതിനോട് പ്രതികരിച്ച കോടതി, ഇക്കാലയളവില്‍ ഡോക്ടര്‍ കൂടിയായ പരാതിക്കാരി ജോലി ചെയ്തിരുന്നോ എന്ന ചോദ്യം ഉയര്‍ത്തി. പരാതിക്കാരിയുടെ മൊഴിയില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ ആണോ ബലാത്സംഗം എന്ന ആരോപണം ഉയരുന്നത് എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha