വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വ്യോമയാന വ്യവസായരംഗത്തെ കുതിപ്പ് കേരളത്തിന്റെ മൊത്തം വളർച്ചയിലേക്ക് നയിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്താനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സംഘടിപ്പിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടിയും (കേരള ഏവിയേഷൻ സമ്മിറ്റ് 2025) വിമാനത്താവളത്തിലെ പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമയാന രംഗവുമായി ബന്ധപ്പെട്ട നൂതന വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രതിജ്ഞാബദ്ധമാണ് സർക്കാർ. ഒരു സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ ഏറെ സാധ്യതകൾ ഉള്ള നാടാണ് കേരളം.
വ്യോമയാന വ്യവസായ മേഖലയിൽ വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഇത്തരമൊരു ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ, നയരൂപീകരണം, വിവിധ മേഖലകളുടെ സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയായിട്ടാണ് ഈ ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്.
ദേശീയ പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഈ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യോമയാന മൂല്യ ശൃംഖലയിൽ ഉടനീളം നവീകരണം സാധ്യമാക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വ്യാപാര ബന്ധങ്ങളും തന്ത്രപ്രധാനമായ വിനിമയങ്ങളും ഈ വ്യവസ്ഥയുടെ ബലതന്ത്രങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.
അതിർത്തികൾ കടന്നുള്ള മനുഷ്യരുടെ സഞ്ചാരങ്ങൾ എളുപ്പമായതോടെയാണ് ലോകം മുന്നോട്ടു പോകുന്നതിന്റെ വേഗം കൂടിയത്. ഈ മാറ്റങ്ങൾക്ക് വഴിവച്ചതിൽ വ്യോമ ഗതാഗതങ്ങൾക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. വ്യോമഗതാഗതം എന്നത് സഞ്ചാരത്തിനുള്ള മാർഗം എന്നതിലുപരി വലിയ വ്യവസായമായി മാറിയ കാലമാണിത്. നമ്മുടെ രാജ്യത്തെ വ്യോമയാന വ്യവസായവും വലിയ രീതിയിൽ വളർന്നിരിക്കുന്നു. 2026 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാനയാത്ര വിപണിയായി നമ്മുടെ രാജ്യം മാറും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വ്യോമയാന മേഖലയിൽ ഒരു രൂപ ചെലവഴിക്കുമ്പോൾ അത് അനുബന്ധ മേഖലയിൽ മൂന്നു രൂപ 25 പൈസയുടെ പ്രതിഫലനം ഉണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ ഒരു തൊഴിലവസരം സൃഷ്ടിച്ചാൽ അനുബന്ധ മേഖലയിൽ 6 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
അതുകൊണ്ട് വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ആസൂത്രിതമായ ഇടപെടലുകൾ വേണ്ടതുണ്ട്. വ്യോമയാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അനുകൂല നയങ്ങൾ നടപ്പിലാക്കുകയും ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിമാനയാത്ര ജനകീയമാക്കുന്നതിന് എല്ലാവർക്കും യാത്ര ചെലവും പ്രവർത്തന ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് ഇടപെടലുകൾ വേണം.
https://www.facebook.com/Malayalivartha