കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്ഫോടനക്കേസ്... അനൂപ് മാലിക്ക് പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ, ഇന്ന് തെളിവെടുപ്പ് നടത്തും

കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്ഫോടനക്കേസില്‍ പിടിയിലായ കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപ് മാലിക്കിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണ്. അനൂപാണ് വീട് വാടകയ്ക്കെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 1.50ഓടെയായിരുന്നു സ്ഫോടനമുണ്ടായത്. ചാലാട് സ്വദേശി മുഹമ്മദ് അഷാം (54) മരിച്ചു. ഇയാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ് ഇയാള്‍. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സമീപത്തെ നാലുവീടുകള്‍ക്കും കേടുപാടുണ്ട്. തകര്‍ന്ന വീട്ടില്‍ നിന്ന് പൊട്ടാതെ കിടന്ന ഗുണ്ടുകളടക്കം കണ്ടെത്തിയിട്ടുണ്ട്. റിട്ട. അദ്ധ്യാപകന്‍ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മുഹമ്മദ് അഷാം അടക്കം രണ്ടുപേരാണ് താമസിച്ചിരുന്നത്.
കണ്ണപുരം പൊലീസും തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.അനൂപാണ് വീട് വാടകയ്ക്കെടുത്തതെന്ന് മനസിലായതോടെ ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി.
വൈകുന്നേരത്തോടെ പിടിയിലായി. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രാത്രിയോടെ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ കണ്ണപുരം സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന. ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരുന്നു. കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
https://www.facebook.com/Malayalivartha