സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നു... സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ഗവര്‍ണര്‍ക്ക് ഇതിതവണയും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷത്തിന് ക്ഷണമില്ല.
സാധാരണയായി ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ഗവര്‍ണറാണ്. തുടര്‍ന്ന് പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ 2022-ലാണ് ഈ പതിവ് തെറ്റിയത്. സര്‍വകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറുമായി തുറന്ന ഏറ്റുമുട്ടല്‍ നടക്കുന്ന സമയമായിരുന്നു അത്.
11 ഓര്‍ഡിനന്‍സുകള്‍ അംഗീകാരം കാത്ത് രാജ്ഭവനിലുമായിരുന്നു. അസ്വസ്ഥത നീറിനല്‍ക്കുന്നത് കണക്കിലെടുത്ത് ഗവര്‍ണറെ ക്ഷണിക്കാതെ സര്‍ക്കാര്‍ ഓണാഘോഷം നടത്തി. ക്ഷണമില്ലെന്നുകണ്ട ആരിഫ് മുഹമ്മദ് ഖാന്‍ അന്നേദിവസം അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗവര്‍ണര്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചും ഗവര്‍ണര്‍ 'പകരംവീട്ടുകയും ചെയ്തു.
2023ല്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. തുടര്‍ന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ടുക്ഷണിച്ചു. ഓണക്കോടിയും സമ്മാനിച്ചു. ക്ഷണം സ്വീകരിച്ച് ഗവര്‍ണറെത്തി.
എന്നാല്‍, പിന്നീട് ബന്ധം വഷളായി. ഒടുവില്‍ ഔദ്യോഗിക യാത്രയയപ്പ് പോലുമില്ലാതെ ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി പോയി. പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വന്ന ആദ്യകാലത്ത് സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാളിന് അദ്ദേഹം ക്ലിഫ് ഹൗസിലെത്തി ആശംസ നേര്‍ന്നു. മുഖ്യമന്ത്രിയും ഭാര്യക്കൊപ്പം രാജ്ഭവനിലെത്തി. എന്നാല്‍, വിസി നിയമന തര്‍ക്കത്തില്‍ ഗവര്‍ണറും സര്‍ക്കാരും അകന്നു. വിഷയം കോടതിയിലുമെത്തി. ബില്ലുകളും ഒപ്പിടാനുണ്ട്. അകല്‍ച്ചയ്ക്ക് ആഴംകൂട്ടി ഭാരതാംബ ചിത്രവിവാദം വരികയും ചെയ്തു.
"
https://www.facebook.com/Malayalivartha