പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ രണ്ടുപേരെ തിരയില്‍പ്പെട്ട് കാണാതായി...

സങ്കടക്കാഴ്ചയായി... കണിയാപുരത്തിന് സമീപം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ രണ്ടുപേരെ തിരയില്‍പ്പെട്ട് കാണാതായി.
തിരയടിച്ച് ഗുരുതര പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കണിയാപുരം സിങ്കപ്പൂര്‍ മുക്ക്, തെങ്ങുവിള മാധവത്തില്‍ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകന്‍ അഭിജിത്ത്(16), കണിയാപുരം സിങ്കപ്പൂര്‍ മുക്ക് ബിസ്മില്ലയില്‍ ഷാനവാസിന്റെ മകന്‍ നബീല്‍(16) എന്നിവരെയാണ് കാണാതായത്. ഇരുവരും തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥികളാണ്.
നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ആഷിക്കും ഹരിനന്ദും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആസിഫ്(15) ആണ് തിരയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റത്. ആസിഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കൂട്ടുകാരായ അഞ്ചുപേരും പുത്തന്‍തോപ്പ് കടപ്പുറത്തെത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍ അഞ്ചുപേരും അകപ്പെടുകയായിരുന്നു. അഭിജിത്തും നബീലും തിരയില്‍പ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ നിലവിളിച്ചതിനെ ത്തുടര്‍ന്നാണ് തീരത്തുണ്ടായിരുന്നവര്‍ സംഭവമറിയുന്നത്.
അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെയും വിഴിഞ്ഞം മറൈന്‍ എന്‍ഫോഴസ്മെന്റിന്റെയും നേതൃത്വത്തില്‍ രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും തിരയില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha