അമീബിക് മസ്‌തിഷ്‌കജ്വരം ജാഗ്രത പാലിക്കണം; രോഗത്തിന് ഏറെ മാറ്റമെന്ന് വിദഗ്ധർ

അമീബിക് മസ്‌തിഷ്‌കജ്വരം എന്ന രോഗം രണ്ട് വർഷം മുമ്പുവരെ കണ്ടതിൽ നിന്ന് വളരെയേറെ മാറ്റം സംഭവിച്ചുവെന്നാണ് വിദഗ്ദ്ധർ പറയുന്നത് .നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ച് വർഷം മുമ്പുവരെ കണ്ടിരുന്നത്. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോൾ വ്യാപകമായുള്ളത്. അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.
നേരത്തെ കെട്ടിക്കിടക്കുന്ന മലിനമായ ജലത്തിൽ മുങ്ങിക്കുളിക്കുകയോ, ചാടിക്കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറിൽ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്. എന്നാൽ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകൾ ജലകണികകൾ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസ്സുമായുള്ള സമ്പർക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകൾ വഴി രക്തത്തിലേക്ക് കലർന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നതെന്നും .
എന്തുകൊണ്ടാണ് ജലസ്രോതസ്സുകളിൽ ഈ അമീബയുടെ സാന്നിധ്യം വർധിച്ചതെന്നതിൽ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ജലസ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം. കൂടുതൽ പഠനം നടത്തി ഇതിന്റെ കാരണം കണ്ടെത്തിയില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കുകയും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. കൃത്യമായ ഓവുചാൽ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള വെള്ളം കിണറുകളിൽ കലരാൻ ഇടയാകുന്നതുമെല്ലാം രോഗം വർധിക്കാൻ കാരണമായി വിലയിരുത്തലുണ്ട് .
കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും മുങ്ങിക്കുളിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയും ദിവസങ്ങൾക്കകം മൂർച്ഛിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞവർഷത്തെ രീതി. നെഗ്ലേരിയ ഫൗളേരി അമീബകളിൽനിന്നാണ് ആ രോഗബാധയുണ്ടായിരുന്നത്. ഇത്തവണ കൂടുതൽ കേസുകളിലും രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ശരീരത്തിൽ പ്രവേശിച്ചു ദിവസങ്ങൾക്കുശേഷം സജീവമായി മാറുന്നത് അകാന്തമീബ, ബാലമുത്തിയ മാൻഡ്രിലാരിസ് തുടങ്ങിയ അമീബകളായിരുന്നു
https://www.facebook.com/Malayalivartha