സംസ്ഥാനത്തെ 6 സ്‌ട്രോക്ക് യുണിറ്റുകള്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ സ്റ്റാന്റേഡിലേക്ക്

സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 6 ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് യൂണിറ്റുകളേയാണ് ഒരേ സമയം 2 സര്‍ട്ടിഫിക്കേഷനുകള്‍ക്കായി സജ്ജമാക്കുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികളെയാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. ഈ ആശുപത്രികള്‍ക്ക് അംഗീകാരം ലഭ്യമായാലുടന്‍ മറ്റ് ആശുപത്രികളെക്കൂടി ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യമായിട്ടാണ് ആശുപത്രികള്‍ക്കല്ലാതെ, ആശുപത്രിയിലെ ഒരു പ്രത്യേക യൂണിറ്റിന് മാത്രമായി എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നത്. ഇതോടെ ഡബ്ല്യു.എസ്.ഒ.,. എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷനുള്ള സ്‌ട്രോക്ക് യൂണിറ്റുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. സ്‌ട്രോക്ക് അഥവാ പക്ഷാഘാത ചികിത്സയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുക, ഒരു രോഗിക്ക് നിശ്ചിത സമയത്തിനുള്ളില്‍ പക്ഷാഘാത ചികിത്സ ലഭ്യമാക്കുക, പരിശോധനകള്‍ നടത്തുന്നതിനും അതനുസരിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കിക്കൊണ്ട് എത്രയും പെട്ടെന്ന് രോഗികള്‍ക്ക് ത്രോബോലൈസിസ് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കേഷന്‍ നിലവില്‍ വരുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കാനാകും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവ സജ്ജമാക്കി വരുന്നു.
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (ഠവൃീായീശെ)െ രക്തസ്രാവം (ഒമലാീൃൃവമഴല) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. സമയബന്ധിതമായ ചികിത്സ കൊണ്ട് ഭേദമാക്കാവുന്ന ഒരു രോഗമാണിത്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സംശയിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കാം. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ സംസ്ഥാനത്തെ 12 ആശുപത്രികളില്‍ ഇപ്പോള്‍ സ്‌ട്രോക്ക് ചികിത്സ ലഭ്യമാണ്. ത്രോംബോലൈസിസ് ചികിത്സ, സ്‌ട്രോക്ക് റിഹാബിലിറ്റേഷന്‍, സ്‌ട്രോക്ക് സ്‌റ്റെബിലൈസേഷന്‍ തുടങ്ങിയ ചികിത്സകളാണ് ഈ കേന്ദ്രങ്ങളിലൂടെ നല്‍കി വരുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്‌സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ സ്‌ട്രോക്ക് യൂണിറ്റുകളിലൂടെ നല്‍കി വരുന്നുണ്ട്. ഈ യൂണീറ്റുകളിലൂടെ 368 രോഗികള്‍ക്ക് ഇതുവരെ വിജയകരമായി ഈ ചികിത്സ നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വളരെയേറെ ചിലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ തികച്ചും സൗജന്യമായാണ് നല്‍കി വരുന്നത്. ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha