ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍... ഉത്രാടദിനത്തില്‍ നാടും നഗരവുമാകെ ഓണം പൊടിപൊടിക്കാനായി അവസാന തയ്യാറെടുപ്പില്‍... ഇന്ന് ഓണവിപണിയും സജീവമാകും

മലയാളികള്‍ ഉത്രാടപ്പാച്ചിലിലാണ്. ഇന്ന് ഒന്നാം ഓണമായ ഉത്രാടമാണ്. നാടും നഗരവുമാകെ ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പിലാണ്. ഉത്രാടനാളില്‍ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് മലയാളികള്‍..
ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണിത്. ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചില്‍. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികള്‍, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് . ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകുന്നതാണ്.
കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കു തന്നെയായിരിക്കും.
കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാന്‍ കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നില്‍ക്കുകയാണ്.
ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചില്‍' എന്നാണ് വിളിക്കുന്നത്. ക്ഷേത്രങ്ങളിലേയ്ക്ക് 'കാഴ്ചക്കുല' സമര്‍പ്പിക്കുന്നതും ഓണനാളുകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്.
ഗുരുവായൂര്‍ അമ്പലത്തിലെ 'കാഴ്ചക്കുല' സമര്‍പ്പണം വളരെയേറെ പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കുക. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു.
ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തുകയും ചെയ്യും. തിരുവോണം നാളില്‍ മഹാബലിയെ കുടിവെക്കുന്നു. തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകള്‍ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു.
അതേസമയം പലയിടങ്ങളിലായി ജോലിചെയ്യുന്നവരും വിവാഹം കഴിഞ്ഞ് പോയവരും പ്രവാസികളായവരുമൊക്കെ ഈ ഓണനാളുകളില്‍ ഒത്തു ചേരുന്നു. പ്രവാസികളായ എല്ലാവര്‍ക്കും ചിലപ്പോള്‍ നാട്ടിലെത്താന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും കേരളത്തില്‍ ഓണത്തിരക്ക് തകൃതിയാകുമ്പോള്‍ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരയോടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മകളുമായി കഴിയുന്നു. എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിന ആശംസകള്‍.
"
https://www.facebook.com/Malayalivartha