രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിക്കാന്‍ ദളപതി വിജയ്യുടെ പുതിയ നീക്കം

എംജിആറിനേയും ജയലളിതയേയും പോലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിക്കുകയാണ് ലക്ഷ്യമെന്ന് ദളപതി വിജയ്. ഇതിന്റെ ഭാഗമായി കരുത്തറിയിക്കാന്‍ തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക യാത്ര തുടങ്ങാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വിജയുടെ നീക്കം മറ്റു പാര്‍ട്ടികള്‍ ആശങ്കയോടെയാണ് നോക്കുന്നത്. ഒ പനീല്‍ശെല്‍വം, ടിടിവി ദിനകരന്‍ തുടങ്ങിയവരെല്ലാം വിജയുമായി അടുക്കുമെന്നതരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. മാത്രമല്ല അന്തരിച്ച വിജകാന്തിന്റെ പാര്‍ട്ടിയും ടിവികെയോട് ലയിക്കുമെന്ന കിംവതന്തിയുമുണ്ട്. എന്നാല്‍ ജനുവരിക്ക് ശേഷം രാഷ്ട്രീയ നിലപാട് പറയാം എന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുള്ളത്. വിജയകാന്തിന്റെ ഡിഎംഡികെ കൂടി വിജയ്‌ക്കൊപ്പം സഖ്യം ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിന്റെ ചിത്രം തന്നെ മാറിയേക്കും.
ബിജെപിയെയും ഡിഎംകെയെയും വിമര്‍ശിച്ചാണ് വിജയിയുടെ രാഷ്ട്രീയ രംഗപ്രവേശം തന്നെ . അണ്ണാഡിഎംകെ ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ് അവരുമായും കൃത്യമായ അകലം പാലിക്കുന്നുണ്ട്. അണ്ണാഡിഎംകെ പല നേതാക്കള്‍ക്ക് കീഴിലായി പിരിഞ്ഞതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡിഎംകെക്ക് ലഭിച്ച അപ്രതീക്ഷിത വെല്ലുവിളിയാണ് വിജയുടെ രംഗപ്രവേശം. അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടി മികച്ച വിജയം നേടിയില്ലെങ്കിലും വോട്ടുകള്‍ പിടിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
അതേസമയം ടിവികെ കൂടുതല്‍ ജനപ്രിയമാകുക എന്ന ലക്ഷ്യത്തോടെ വിജയ് തമിഴ്‌നാട് മുഴുവന്‍ ഒരു പ്രചാരണ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ മാസം മൂന്നാം വാരത്തില്‍ യാത്ര തുടങ്ങുമെന്നാണ് വിവരം. തിരുച്ചിയിലാകും യാത്ര തുടങ്ങുക എന്നും സൂചനയുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങളുമായി വിജയ് സംവദിക്കും. ഇതിന് വേണ്ടി തമിഴ്‌നാട് യാത്രയ്ക്കിടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വിജയുടെ പാര്‍ട്ടി ആസ്ഥാനമായ പനയൂരില്‍ ഇതിനായി ആഡംബര ബസ് തയ്യാറായിട്ടുണ്ട്. യാത്ര രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാകും നടത്തുക. ആദ്യഘട്ടത്തില്‍ പത്ത് ജില്ലകളാകും തിരഞ്ഞെടുക്കകുക. തിരുച്ചിറപ്പള്ളിയിലോ തിരുനല്‍വേരിയിലോ മധുരയിലോ ആയിരിക്കും വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യത എന്നും അഭ്യൂഹമുണ്ട്.
ഇതിന് പുറമേ തമിഴ് രാഷ്ട്രിയത്തില്‍ എല്ലാവരും പയറ്റിയ അടവും വിജയ് പുറത്തിറക്കുന്നുണ്ട്. ടിവികെയ്ക്കായി ഒരു പുതിയ ചാനല്‍.പാര്‍ട്ടിയില്‍ വിജയിയെ കൂടാതെ അധികം ജനകീയ നേതാക്കളില്ലാത്തതിനാല്‍ തന്നെ ചാനലിലൂടെ ടിവികെയെ ജനകീയമാക്കെന്നാണ് വിജയ് കരുതുന്നത്. വിജയ് എന്ന പേരില്‍ നിലവില്‍ ഒരു ചാനലുള്ളതിനാല്‍ ദളപതി ടിവി എന്നായിരിക്കും ചാനലിന്റെ പേരെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വിജയകാന്തിന്റെ പാര്‍ട്ടിയുടെ ചാനല്‍ വാങ്ങാനും വിജയ് ആലോചിക്കുന്നുണ്ടത്രെ. അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ചാനല്‍ സ്വന്തമാക്കി ടിവികെയുടെ പ്രചാരണത്തിന് ഉപയോഗിച്ചേക്കും. പുതിയ ചാനല്‍ തുടങ്ങിയാല്‍ ലൈസന്‍സ് ലഭിക്കാനും മറ്റും വൈകിയേക്കുമെന്ന തോന്നലാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണം.
https://www.facebook.com/Malayalivartha