അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍

പഴയതെല്ലാം മാറുകയാണ്. സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ചെമ്പഴന്തിയില്‍ അജയന്‍ രക്ത സാക്ഷി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. വിശ്വാസികളെ കൂടി ചേര്‍ത് വര്‍ഗ്ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലര്‍ പറയുന്നത് പോലെ വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനിയും മൃഗീയമായ വിവരങ്ങള്‍ പുറത്ത് വരാനുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നല്‍കുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ആ കുട്ടി മാനസികാവസ്ഥ തെറ്റിയ നിലയിലാണ് എന്ന് ആ പെണ്‍കുട്ടിയെ നേരില്‍ കണ്ട മാധ്യമപ്രവര്‍ത്തക വരെ പറഞ്ഞു. കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് നല്ല ധാരണ ജനങ്ങള്‍ക്കുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വര്‍ഗീയത. ഇത്തരം വര്‍ഗീയവാദികള്‍ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും യുവതി പ്രവേശനം അധ്യായമേ വിട്ടുകളഞ്ഞതാണെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.
അതേസമയം ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അത്തരത്തില്‍ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിനു മുന്‍പ് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരില്‍ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം. അത്തരം ശ്രമങ്ങള്‍ ഒന്നും ഇനി വിലപോവില്ല. ദേവസ്വം ബോര്‍ഡ് സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ കാട്ടുന്നത് ആത്മാര്‍ത്ഥമായ ശ്രമമല്ല, മറിച്ച് തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവന്‍ ഹിന്ദു വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സില്‍ എന്നും ഉണങ്ങാത്ത മുറിവാണ് 2018-ല്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ഉണ്ടാക്കിയത്.
ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കുകയുമില്ല, പൊറുക്കുകയുമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉള്ള സിപിഎമ്മിന്റെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഈ പ്രസ്താവനകളും നിലപാടും. പറയുന്ന വാക്കിനോട് സിപിഎമ്മിന് ഒരല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകണം. മാത്രമല്ല, നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളും പിന്‍വലിച്ച് ഭക്തര്‍ക്ക് നീതി നല്‍കണം. സിപിഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാര ലംഘനം നടത്തിയത്. രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സി പി എമ്മാണ്. സിപിഎം നേതാക്കളുടെ അക്കാലത്തെ വിദ്വേഷ പ്രസംഗങ്ങള്‍ അയ്യപ്പ വിശ്വാസികള്‍ മറക്കില്ല.
പമ്പയില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്നത് ഭക്തര്‍ക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണ്. സിപിഎമ്മിന്റെ ഈ മുതലെടുപ്പ് തിരിച്ചറിഞ്ഞ് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തര്‍ക്കെതിരായി എടുത്തിരിക്കുന്ന കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ മുഴുവന്‍ ആശങ്കയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവര്‍ത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരരവാഹികള്‍ അറിയിച്ചു. പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കിയിരുന്നു.
പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എന്‍എസ്എസിന്റെ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എന്‍എസ്എസ് സ്വാഗതം ചെയ്യുകയായിരുന്നു. നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എന്‍എന്‍എസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണമോയെന്നതില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്. അതേസമയം, സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയശേഷം ക്ഷണിച്ചാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കല്‍, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ വ്യക്തമാക്കിയത്.ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് പങ്കെടുക്കുമോയെന്നോ ബഹിഷ്‌കരിക്കുമോയെന്നും പറയാതെ സര്‍ക്കാരിന് മുന്നിലേക്ക് ചോദ്യങ്ങളിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നല്‍കേണ്ടതുണ്ടെന്ന് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?.ശബരിമലയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോ? ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്. ഇത്തരത്തില്‍ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണം.
തെരഞ്ഞെടുപ്പ് അടുത്തപ്പോ അയ്യപ്പ സംഗമവുമായി വരുകയാണ്. രാഷ്ട്രീയമായി മറുപടി പറയണം. തദ്ദേശ സ്ഥാപന ഫണ്ടില്‍ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താന്‍ പറയുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ആവശ്യത്തിന് പണം പോലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുത്തിട്ടില്ലെന്നും വിഡി സതീശന്‍. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോയെന്ന കാര്യത്തിന് പ്രസ്‌ക്തിയില്ലെന്നും ആദ്യം സര്‍ക്കാര്‍ തങ്ങളുന്നയിക്കുന്ന ചോദ്യങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം യുഡിഎഫിനെ ക്ഷണിച്ചാള്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. റേഷന്‍ വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം വിലക്കയറ്റം കേരളത്തിലാണ്. ആഗോള അയ്യപ്പ യുഡിഎഫ് ബഹിഷ്‌കരിക്കുമോയെന്നും പങ്കെടുക്കുമോയെന്നുമുള്ള ചോദ്യം തന്നെ അപ്രസക്തമാണ്. കപട ഭക്തിക്കെതിരെ ആണ് യുഡിഎഫ് നിലപാട്. ആചാര ലംഘനത്തില്‍ സര്‍ക്കാര്‍ അഭിപ്രായം മാറ്റിയോ എന്ന് അറിയണം.
സര്‍ക്കാരിന്റെ പത്താംവര്‍ഷത്തില്‍ പെട്ടെന്ന് ഒരു അയ്യപ്പ ഭക്തി വന്നത് എന്തിനാണെന്ന് അറിയാം. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ശേഷം ക്ഷണിച്ചാല്‍ നിലപാട് പറയും. സര്‍ക്കാര്‍ കാപട്യം വിശ്വാസികള്‍ തിരിച്ചറിയും. സംഘാടക സമിതിയില്‍ പേര് വച്ചപ്പോ അനുവാദം ചോദിച്ചില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സൗകര്യം ചോദിച്ചല്ല വന്നത്. സൗകര്യം വിളിച്ച് ചോദിച്ച് വന്നാ കാണാന്‍ ഇനിയും തയ്യാറാണ്. പ്രസിഡന്റ് വന്നപ്പോ ഭക്ഷണം കഴിക്കുകയായിരുന്നു. കാണാന്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞത് മര്യാദകേടാണ്. ശബരിമലയിലെ എല്ലാ പ്രശ്‌നങ്ങളുടേയും പിന്നില്‍ സര്‍ക്കാരാണ്. ആചാര ലംഘനം എതിര്‍ത്തപ്പോ പ്രതിപക്ഷത്തെ പിന്‍തിരിപ്പന്‍മാരാക്കിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha