ഓണം വാരാഘോഷ സമാപന ഘോഷയാത്ര...നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി...

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു..
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ഘോഷയാത്ര ഗംഭീരമാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 1000ലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം 60ഓളം ഫ്‌ലോട്ടുകളും അണിനിരക്കുന്നതാണ്.
വൈകിട്ട് 4ന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാര്‍ ശംഖനാദം മുഴക്കുകയും വാദ്യോപകരണമായ കൊമ്പ്, മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറുന്നതോടെ ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കമാകും.
സര്‍ക്കാരിന്റെ വികസനം ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60ഓളം ഫ്‌ലോട്ടുകള്‍ ഉണ്ടാകും. 91 ദൃശ്യ ശ്രവ്യകലാരൂപങ്ങളും ഇന്ത്യന്‍ ആര്‍മിയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും.'നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയം മുന്‍നിര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയില്‍ ഒത്തുചേരുന്നതാണ്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഫ്‌ലോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിന് മുന്‍വശത്തെ വി.ഐ.പി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha