ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുചിതം..... ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി....

അറ്റകുറ്റപ്പണി നിര്‍ത്തിവയ്ക്കണം.... ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുചിതമാണ്.
ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റേതാണ് നിര്‍ദ്ദേശമുള്ളത്. അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാനായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഏജന്‍സിയോടും സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു.
അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല, യോഗദണ്ഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണുണ്ടായത്. നടപടിയെടുക്കാതിരിക്കാനായി കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനായി തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ തുടങ്ങിയവര്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് അയയ്ക്കാന്‍ തീരുമാനിച്ചതിന്റെ ഫയലുകളും രേഖകളും വെള്ളിയാഴ്ച ഹാജരാക്കണം. ശില്പങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് 2023ല്‍ തന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബോര്‍ഡ് വാദിച്ചു.
ശ്രീകോവിലിന് ഇരുവശത്തുമുള്ള ശില്പങ്ങളുടെ ചെമ്പ് ആവരണത്തിന് മുകളില്‍ സ്വര്‍ണം പൂശിയവയാണ് ഈ പാളികള്‍. 2019ല്‍ ഇതേ സ്‌പോണ്‍സറും ഏജന്‍സിയും ചേര്‍ന്നാണ് ഇത് സമര്‍പ്പിച്ചത്. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. മഹസര്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. 8ന് സ്‌പെഷ്യല്‍ കമ്മിഷണറെ ഫോണ്‍ മുഖേനയും തുടര്‍ന്ന് കത്തുവഴിയും വിവരം അറിയിക്കുകയും ചെയ്തതായി ബോര്‍ഡ് .
എന്നാല്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെ മുന്‍കൂട്ടി അറിയിക്കാതെയും വിഷയം കോടതിയിലെത്താനായി സമയം നല്‍കാതെയും സ്വര്‍ണപ്പാളികള്‍ ഇളക്കിയതില്‍ കോടതി അതൃപ്തിയറിയിച്ചു. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രപരിസരത്തു തന്നെ കര്‍ശന മേല്‍നോട്ടത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശമുള്ളതാണ്. മുന്‍കൂര്‍ അറിയിക്കുകയെന്നത് വസ്തുക്കള്‍ ദുരുപയോഗിക്കുന്നില്ലെന്നും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് അവസരം നല്‍കല്‍ കൂടിയാണെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
2019ല്‍ നിര്‍മ്മിച്ച പാളികള്‍ക്ക് 40 വര്‍ഷം വാറന്റി പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ആറു വര്‍ഷമായപ്പോഴേക്കും നിര്‍മ്മിച്ചയിടത്തേക്ക് വീണ്ടും കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഹൈക്കോടതി. അങ്ങനെയെങ്കില്‍, ശ്രീകോവിലില്‍ ഇതോടനുബന്ധിച്ചുള്ള ഡോര്‍ പാനലുകളും ലിന്റലുകളും അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്. ദ്വാരപാലക ശില്പത്തിലെ പാളികള്‍ മാത്രം കൊണ്ടുപോയത് അനാവശ്യവും ക്രമവിരുദ്ധവുമാണ്. മുദ്രമാല കേസിലും ദേവസ്വം കമ്മിഷണറും തിരുവാഭരണം കമ്മിഷണറും മുന്‍ ഉത്തരവ് ബോധപൂര്‍വം ലംഘിച്ചിരുന്നതായും വിമര്‍ശിക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha