കുംഭമേള നടത്താനാകുമെങ്കില്‍ അയ്യപ്പസംഗമം നടത്താനാകില്ലേ എന്നാണല്ലോ സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് ഹൈക്കോടതി

കുംഭമേള നടത്താനാകുമെങ്കില്‍ അയ്യപ്പസംഗമം നടത്താനാകില്ലേ എന്നാണല്ലോ സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് ഹൈക്കോടതി. അവിടെ 7000 കോടിയാണ് ചെലവഴിച്ചത്, ഇവിടെ നാലുകോടിയല്ലേ ചെലവഴിക്കുന്നുള്ളൂ എന്നും ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ആഗോള അയ്യപ്പസംഗമം നടത്തുന്നതിനെ എതിര്‍ക്കുന്ന ഹര്‍ജിക്കാരോട് വാക്കാല്‍ ചോദിക്കുകയും ചെയ്തു.
സംഗമത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്നോ ദേവസ്വം ഫണ്ടില്‍നിന്നോ പണം ചെലവഴിക്കാനാകില്ലെന്ന വാദം ഹര്‍ജിക്കാര്‍ ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കുംഭമേളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം ഫണ്ട് ചെലവഴിക്കുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധിപറയാനായി മാറ്റി.
കോടതിയുടെ ചോദ്യങ്ങളും സര്‍ക്കാരും ദേവസ്വവും നല്‍കിയ മറുപടിയും
കോടതി: സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?
എജി - ദേവസ്വം ബോര്‍ഡിനെ സഹായിക്കുക മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കായി കുറച്ചു പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ ലംഘനമില്ല.
അയ്യപ്പന്റെപേരില്‍ ഫണ്ട് സ്വീകരിക്കാനാകുമോ
സ്വമേധയാ മുന്നോട്ടുവരുന്ന സ്പോണ്‍സര്‍മാരില്‍നിന്നാണ് പണം സ്വീകരിക്കുന്നത്. ദേവസ്വവും സര്‍ക്കാരും ഫണ്ട് ചെലവഴിക്കുന്നില്ല.
സമാഹരിക്കുന്ന പണം എന്തുചെയ്യും
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 1300 കോടി രൂപ കണ്ടെത്തണം. പദ്ധതിയിട്ടിരിക്കുന്ന റോപ്പ് വേ നിര്‍മിച്ചുനല്‍കാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ സ്വീകരിക്കും. അതിലൊന്നും തെറ്റില്ല.
ആരെയാണ് ക്ഷണിതാക്കളായി വിളിക്കുന്നത്. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമോ
മൂവായിരത്തോളംപേരെയാണ് വിളിക്കുന്നത്. മറ്റുഭക്തര്‍ക്കില്ലാത്ത പരിഗണനയൊന്നും നല്‍കില്ല. ശബരിമലയുടെ വികസനകാര്യത്തില്‍ അവരില്‍നിന്ന് അഭിപ്രായം തേടും.
സംഗമത്തിനായി പമ്പയില്‍ നിര്‍മിക്കുന്നത് താത്കാലിക സൗകര്യമോ സ്ഥിരം സംവിധാനമോ
ജി. ബിജു (ദേവസ്വം അഭിഭാഷകന്‍): താത്കാലിക പന്തലാണ് ഒരുക്കുന്നത്. എസി ഒന്നുമില്ല.
https://www.facebook.com/Malayalivartha