വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍

നാളെ നടക്കുന്ന നിയമസഭാ സമ്മേളനം ഏറെ നിര്‍ണായകമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പലതരം വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുല്‍ വന്നാല്‍ നേരത്തെ പി വി അന്‍വര്‍ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സര്‍ക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുല്‍ വിവാദത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സര്‍ക്കാരിന്റെ പ്രധാന തലവേദന
ഭരണപക്ഷത്തെ നേരിടാന്‍ ആവനാഴിയില്‍ അനവധി ആയുധങ്ങളുമായെത്തുന്ന പ്രതിപക്ഷത്തെയാണ് സമീപകാല സഭാ സമ്മേളനങ്ങളിലെല്ലാം കണ്ടത്. ഇത്തവണയും വിവാദ വിഷയങ്ങള്‍ അനേകമുണ്ട്. ഒപ്പം നിലമ്പൂര്‍ പിടിച്ചതിന്റെ ആവേശവുമുണ്ട്. എന്നാല്‍ സഭയിലും പുറത്തും കുന്തമുനയായിരുന്ന യുവ എംഎല്‍എ ലൈംഗിക ആരോപണക്കുരുക്കില്‍ പെട്ടത് പ്രതിപക്ഷത്തെ വല്ലാതെ ഉലയ്ക്കുന്നു. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ രാഹുലിനെതിരായ നടപടി കോണ്‍ഗ്രസില്‍ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. നടപടയില്‍ പ്രതിപക്ഷനേതാവ് ഉറച്ചുനില്‍ക്കുമ്പോള്‍, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.
രാഹുല്‍ ആകട്ടെ വീട്ടില്‍ നിന്നിറങ്ങുന്നുമില്ല. രാഹുല്‍ സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ രാഹൂലിനോട് വരേണ്ടെന്ന് പറയാനാകില്ല പാര്‍ട്ടിക്ക്. രാഹുല്‍ വന്നാല്‍ പ്രത്യേക ബ്‌ളോക്കിലിരിക്കേണ്ടി വരും. പക്ഷേ വന്നാല്‍ ഭരണനിര എന്തുചെയ്യും. പ്രതിഷേധമുണ്ടായാല്‍ കോണ്‍ഗ്രസ് കവചമൊരുക്കുമോ അങ്ങനെ ആകാംക്ഷ അനേകമാണ്.
പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിയുടെ മൗനവും ആദ്യ ദിനം മുതല്‍ സഭയില്‍ ആഞ്ഞുപിടിക്കാനാണ് പ്രതിപക്ഷശ്രമം. അതിക്രമങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയുന്നതും സഭയിലായിരിക്കും. അയ്യപ്പ സംഗമം, തൃശൂരില്‍ സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖയും ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കും. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊലല്ലാന്‍ അതിവേഗം ഉത്തരവിടാനുള്ള നിയമഭേദഗതി അടക്കമുള്ള ബില്ലുകളും സഭയിലെത്തും. ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായാണ് കത്ത് നല്‍കിയത്. ഇതോടെ, രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും.
എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിനു തലേന്നു മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നില്‍ക്കുകയാണ് പ്രതിപക്ഷത്തിനു നല്ലതെന്ന വാദത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. രാഹുലിന്റെ നിലപാടും ഇക്കാര്യത്തില്‍ പരിഗണിക്കും. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാത്ത രാഹുല്‍ സമൂഹമാധ്യമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ചേലക്കരയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കെഎസ്‌യു നേതാക്കളെ പൊലീസ് തല മൂടിക്കെട്ടി കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പൊലീസിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചാണ് കുറിപ്പിട്ടത്. അതേസമയം വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനത്തിനിടെ 15നു കെപിസിസി നേതൃയോഗം വിളിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിലെ ആദ്യദിവസത്തെ നടപടിക്രമങ്ങള്‍ക്കുശേഷം ഇന്ദിരാഭവനിലാണു യോഗം.
അതേസമയം ലൈംഗികാരോപണ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലും സുഹൃത്തുക്കളും അടങ്ങിയ മിഷന്‍ 2026 എന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രോപ്പഗാണ്ട എന്ന വാദം രാഹുല്‍ ഉയര്‍ത്തുന്നത്.
മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താന്‍ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.
തനിക്ക് പിന്നാലെ ഷാഫി പറമ്പില്‍, പി.കെ.ഫിറോസ് , വി.ടി.ബല്‍റാം ,ടി.സിദ്ദിക് , ജെബി മേത്തര്‍ തുടങ്ങിയവരെ മാധ്യമങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ആക്രമിച്ചു.
നേതാക്കളും യുവനിരയും സൈബര്‍ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രോപ്പഗാണ്ടയില്‍ വീണു പോകരുതെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ വിവാദ പെരുമഴയ്ക്കിടെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.പരസ്പരം ഏറ്റുമുട്ടാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങള്‍ നിരവധിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മര്‍ദനങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിരോധം തീര്‍ക്കും. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്നാല്‍, നേരത്തെ പി.വി അന്‍വര്‍ ഇരുന്ന ബ്ലോക്കില്‍ ആയിരിക്കും സ്ഥാനം.
സാധാരണഗതിയില്‍ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങള്‍ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ ചില മാറ്റങ്ങള്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ് ഭരണപക്ഷത്തിന്റെ തുറുപ്പ്.
രാഹുല്‍ എത്തിയാല്‍ ഇതുവരെ ഉയര്‍ന്ന സര്‍വാരോപണങ്ങളും എടുത്ത് സഭാ രേഖകളില്‍ എത്തിക്കാനാണ് സിപിഎം തീരുമാനം. ഒരു പരിധിവിട്ട് രാഹുലിനെ കോണ്‍ഗ്രസ് പ്രതിരോധിക്കില്ല എന്ന ബോധ്യവും സിപിഎമ്മിനുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ പി.വി അന്‍വര്‍ നേരത്തെ ഇരുന്ന പ്രത്യേക ബ്ലോക്കില്‍ ആയിരിക്കും ഇരിപ്പിടം. എന്നാല്‍ രാഹുലിനെ കടന്നാക്രമിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധം തീര്‍ക്കാന്‍ സാധ്യത കുറവാണ്.
അതേസമയം, എം മുകേഷിനും എ കെ ശശീന്ദ്രനും എതിരായ ആരോപണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിക്ക് യുഡിഎഫ് അംഗങ്ങള്‍ പ്രതിരോധം തീര്‍ത്തേക്കും. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ കയ്യിലുള്ള മറ്റൊരായുധം. ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞേക്കും. അയ്യപ്പ സംഗമവും, തൃശ്ശൂരിലെ ശബ്ദരേഖ വിവാദവും എല്ലാം സഭയില്‍ ഉയര്‍ന്നു വരും. വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുന്ന നിയമ ഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ സഭയില്‍ എത്തുന്നുണ്ട്.ഒക്ടോബര്‍ 10 വരെയാണ് സഭ ചേരുന്നത്.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നെതന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ ഈശ്വര്‍. എക്‌സ്ട്രീം ട്രോമയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹം, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നത് മാത്രമാണെന്നും രാഹുല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വിശക്കാറില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ താന്‍ ഇത് പറയുമെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല ട്രോമയുള്ളതെന്നും രാഹുല്‍, രാഹുല്‍ ഈശ്വറിനോട് പറയുന്നു.
പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ഭാഗങ്ങള്‍ ഇങ്ങനെ.. 'രാത്രിയില്‍ ഉറങ്ങാനായിട്ട് പാരസെറ്റാമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി, ആറുമണിയാകുമ്പോഴാണ് ഞാന്‍ ഉറങ്ങുന്നത്. എന്നിട്ടൊരു ഏഴുമണി..എട്ടുമണിയൊക്കെ ആകുമ്പോള്‍ എഴുന്നേല്‍ക്കും. രണ്ടുമണിക്കൂറൊക്കെയാ ഉറങ്ങുന്നേ. വിശക്കാറില്ല, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നാറില്ല. ട്രോമയെന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെ പോകുവാ. നമ്മടെ ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ്. അതാണ് ഒരവസ്ഥ. ആളുകള്‍ക്ക് എന്താണ് മിണ്ടാത്തത്,പ്രതികരിക്കാത്തത്? തെറ്റ് ചെയ്തത് കൊണ്ടാണോ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥയെന്ന് പറഞ്ഞാല്‍.. ഞാനത് എപ്പോഴെങ്കിലും പറയും.കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ'.
അതേസമയം, പുറത്തുവന്ന ഓഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളാണ്. മന്ത്രി ശിവന്‍കുട്ടിയും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിട്ടുണ്ട്. 'പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്... പാരസെറ്റാമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്‍മാരെ ഒഴിവാക്കുക' എന്നാണ് മന്ത്രിയുടെ പോസ്റ്റ്. പാരസെറ്റാമോള്‍ ഉറങ്ങാനുള്ള മരുന്നല്ലെന്നും സിട്രിസിന്‍ ഉറങ്ങാന്‍ വേണ്ടി കഴിക്കുന്നത് തീരെ നല്ലതല്ലെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
അതിനിടെ, തനിക്കെതിരെ പെയ്ഡ് ആക്രമണം നടക്കുന്നതായി വെളിപ്പെടുത്തി നടി റിനി ആന്‍ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിന് ശേഷമായിരുന്നു താരത്തിന്റെ കുറിപ്പ്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ മാഞ്ഞുപോകില്ലെന്നും പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
സമീപകാലത്തു കോണ്‍ഗ്രസില്‍ മറ്റാര്‍ക്കുമുണ്ടാകാത്ത പതനമാണു രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. ഉയര്‍ച്ചയുടെ വേഗം കൂടിയപ്പോള്‍ പതനത്തിന്റെ ആഴവും കൂടി. സാങ്കേതികത്വം പറഞ്ഞ് എംഎല്‍എയായി തുടരുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ നേരിട്ടതോടെ പാര്‍ട്ടിയുടെ സംരക്ഷണമില്ലാത്ത എംഎല്‍എയായി രാഹുല്‍ മാറും. കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങി 17-ാം വര്‍ഷമാണു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തെ പാര്‍ട്ടിയാകെ പ്രചാരണരംഗത്തിറങ്ങി എംഎല്‍എയാക്കി. 2006 ല്‍ കെഎസ്‌യുവില്‍ അംഗമായ രാഹുല്‍ ആദ്യം ഐ ഗ്രൂപ്പിലായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ തര്‍ക്കങ്ങളുടെ പേരില്‍ എ ഗ്രൂപ്പിലെത്തി.
2011 ല്‍ ഒറ്റദിവസത്തേക്കു കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നു തന്നെ മരവിപ്പിച്ചതിനാല്‍ ചുമതലയേല്‍ക്കാനായില്ല. ഈ ഘട്ടത്തിലാണു ഷാഫി പറമ്പിലുമായി അടുക്കുന്നത്. 2020 ല്‍ ഷാഫിയുടെ കമ്മിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പിന്നാലെ സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം. ചാനല്‍ ചര്‍ച്ചകളിലൂടെയാണു രാഹുല്‍ സുപരിചിതനായത്. ഇത്തരം ചര്‍ച്ചകളില്‍ പതിവുള്ള ബഹളത്തിനു നില്‍ക്കാതെ, മികവോടെ കാര്യങ്ങളവതരിപ്പിക്കുന്ന രാഹുലിന്റെ വാക്ചാതുരിക്ക് ആരാധകരെ ലഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കു കഴിയാത്തിടത്തു പറഞ്ഞു ജയിക്കാന്‍ രാഹുലിനു കഴിഞ്ഞതോടെ അവര്‍ക്കും അംഗീകരിക്കേണ്ടിവന്നു.
ബിജെപിയിലെത്തിയതിന്റെ പേരില്‍ പത്മജ വേണുഗോപാലിനെ രാഷ്ട്രീയ പിതൃത്വം പരാമര്‍ശിച്ചു പരിഹസിച്ചതു വിവാദമായി. യൂത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങണമെന്ന് ഉപദേശിച്ച പി.ജെ.കുര്യനെതിരെയുള്ള പരാമര്‍ശവും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ വിലക്കു മറികടന്നു പി.വി.അന്‍വറിന്റെ വീട്ടിലേക്ക് അര്‍ധരാത്രിയില്‍ അനുരഞ്ജനവുമായെത്തിയതും ചര്‍ച്ചകളില്‍ വന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ വ്യാജ വോട്ടു ചേര്‍ത്തു ജയിച്ചെന്ന പ്രചാരണവും അന്വേഷണവുമുണ്ടായി. കേസ് ആവിയായതോടെ വീണ്ടും കരുത്തനായി. ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പകരക്കാരന്‍ എന്ന നിലയ്ക്കു ഷാഫി തന്നെ രാഹുലിനെ ഉയര്‍ത്തിക്കാട്ടി.
" f
https://www.facebook.com/Malayalivartha