പതിനായിരങ്ങള്‍ ഒഴുകിയെത്തി... തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടു

പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശത്തിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടു. വാരാന്തങ്ങളില്‍ തമിഴ്നാട്ടിലെ 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ നീളും.
വിമാനത്താവളത്തില്‍ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റര്‍ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂര്‍ കൊണ്ടാണു പിന്നിടാന്‍ കഴിഞ്ഞത്്. കനത്ത വെയിലില്‍ കാത്തു നിന്ന ഗര്‍ഭിണി അടക്കം ഇരുപത്തഞ്ചോളം പേര്‍ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗം. ഇതിനിടെ, ശബ്ദ സംവിധാനത്തില്‍ തകരാറുണ്ടായതിനെ തുടര്‍ന്നു 15 മിനിറ്റിനുള്ളില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.
റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കര്‍ശന ഉപാധികളെല്ലാം മറികടന്നാണു ടിവികെ പ്രവര്‍ത്തകര്‍ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചത്. രാവിലെ 10:35 മുതല്‍ 11 വരെയായിരുന്നു വിജയിനു പ്രസംഗിക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് 3 മണിയോടെയാണു പ്രചാരണ വേദിയിലേക്ക് എത്താനായത്.
അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം തയാറാക്കിയ കാരവാനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു പ്രസംഗം. തിരുച്ചിറപ്പള്ളിയില്‍ തുടക്കമിടുന്ന ഏതൊരു രാഷ്ട്രീയ യാത്രയും വഴിത്തിരിവായിരിക്കുമെന്നു മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും എംജിആറും നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് തിരുച്ചിറപ്പള്ളി തിരഞ്ഞെടുത്തതു ചൂണ്ടിക്കാട്ടി വിജയ് പറഞ്ഞു. അതിവേഗം പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നതോടെ പ്രവര്‍ത്തകര്‍ നിരാശയിലായി. നിര്‍ദേശങ്ങള്‍ മറികടന്ന ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha