സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു; ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ്

വനിതകൾക്ക് ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഇൻ ആയുഷി(നിത്യ)ന്റെ കീഴിൽ നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രിസാന്നിധ്യത്തിൽ നാഷണൽ ആയുഷ് മിഷൻ കേരള ഡയറക്ടർ ഡോ. ഡി. സജിത് ബാബുവും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി ശ്രീകുമാറും ഒപ്പുവച്ചു.
ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മൊഡ്യൂൾ പ്രകാരമാണ് കോഴ്‌സ്. അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കോഴ്‌സ് ആരംഭിക്കുന്നത്. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണിത്. സൂതികാമിത്രങ്ങൾ കെയർ ഗിവേഴ്‌സ് ആയിരിക്കും.
ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമായിരിക്കും അമ്മയ്ക്കും കുഞ്ഞിനുമുള്ള പരിചരണവും ചികിത്സയടക്കമുള്ള കാര്യങ്ങൾ ചെയ്യുക എന്ന് ഉറപ്പാക്കും. ശാസ്ത്രീയ പരിശീലനം നേടിയവർ മാത്രം ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാഷണൽ ആയുഷ് മിഷന്റെ മേൽനോട്ടത്തിൽ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇൻ ആയുഷ് വഴിയാണ് പരിശീലനം നൽകുന്നത്. എസ്.എസ്.എൽ.സി. പാസായ 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ഈ കോഴ്‌സിൽ പങ്കെടുക്കാം. സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള വനിതാ ഫെഡറേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു. സമാനമായി കുടുംബശ്രീ മുതലായ സർക്കാർ ഏജൻസികൾ വഴിയും പദ്ധതി നടപ്പിലാക്കുന്നതാണ്. താത്പര്യമുള്ള മറ്റ് ഏജൻസികൾക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha