ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം തിരികെ നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചത്. ദുല്‍ഖറിന്റെ അപേക്ഷയില്‍ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് കോടതി അറിയിച്ചു.
വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുകിട്ടുന്നതിനായി നല്‍കിയ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നല്‍കി. അപേക്ഷ തള്ളുകയാണെങ്കില്‍ ആ വിവരം ഉത്തരവായി ഇറക്കണമെന്നും കോടതി നിര്‍ദേശം നല്‍കുകയുണ്ടായി.
ദുല്‍ഖറിന്റെ വാഹനം കള്ളക്കടത്ത് വസ്തുവാണെന്ന് സംശയമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. രഹസ്യാന്വേഷണ വിവരങ്ങളുടേയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, ഉടമസ്ഥാവകാശം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നും കസ്റ്റംസ് അറിയിച്ചു. ദുല്‍ഖറിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും, വിദേശത്തുനിന്ന് കടത്തിയ വാഹനമാണിതെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്, നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വാദിച്ചു. ദുല്‍ഖറില്‍നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തുവെന്നും, ആ നടപടി അദ്ദേഹം ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. നിയമവിരുദ്ധമാണെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്ന് കസ്റ്റംസ് നിലപാടെടുത്തു. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, വ്യാജരേഖ ഉപയോഗിച്ചാണ് ചില വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കസ്റ്റംസ് അറിയിച്ചു.
ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, വാഹനക്കടത്തിന്റെ ഗൂഢാലോചനയും സ്വഭാവവും പരിശോധിക്കാനുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേസമയം, ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണത്തിനായി ദുല്‍ഖറിന്റെ വാഹനം കസ്റ്റഡിയില്‍ അനിവാര്യമാണോയെന്ന് ഹൈക്കോടതി കസ്റ്റംസിനോട് ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും കോടതി ആരാഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി വാഹനം പിടിച്ചെടുത്തതെന്നായിരുന്നു ഇതിന് കസ്റ്റംസിന്റെ മറുപടി.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ കസ്റ്റംസും മോട്ടോര്‍ വാഹന വകുപ്പും (എംവിഡി) സംയുക്തമായി നടത്തുന്ന ഊര്‍ജിത അന്വേഷണങ്ങളുടെ ഭാഗമായാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തത്. അനധികൃതമായി രജിസ്റ്റര്‍ ചെയ്ത നിരവധി വാഹനങ്ങള്‍ സംബന്ധിച്ച് കസ്റ്റംസ് ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. വ്യാജരേഖകള്‍ ചമച്ച്, ചില കേസുകളില്‍ പുതുച്ചേരി പോലുള്ള സംസ്ഥാനങ്ങളിലെ വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് ഉയര്‍ന്ന നികുതി ഒഴിവാക്കി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനക്കടത്ത് ശൃംഖലയില്‍ വന്‍കിട റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നു.
പിടിച്ചെടുത്ത ഡിഫന്‍ഡര്‍ വാഹനം വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിയതാണോ, കസ്റ്റംസ് തീരുവ അടക്കാതെയാണ് രജിസ്റ്റര്‍ ചെയ്തതാണോ എന്നതിലാണ് നിലവില്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ കേസില്‍ മറ്റ് ചില പ്രമുഖരുടെ വാഹനങ്ങള്‍ക്കെതിരെയും കസ്റ്റംസ് നടപടിയെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ പ്രമുഖ സിനിമാതാരങ്ങളുടേതുള്‍പ്പെടെ നിരവധി ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ഉടമകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഈ ആഡംബര വാഹന ഉടമകളില്‍ പലരും, കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കോടതികളെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha