നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് സുരേഷ് ഗോപി

വീണ്ടും വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് നടത്തിയ 'കലുങ്ക് സംവാദ'ത്തിനിടെ നപുംസകം പരാമര്‍ശവുമായി സുരേഷ് ഗോപി. നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ ശമ്പളം മുഴുവന്‍ ജനങ്ങളുടെ കഞ്ഞി പത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി കഞ്ഞി പത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
കൂടാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് പ്രജാരാജ്യമാണെന്ന് കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു. പ്രജകളാണ് ഇവിടെ രാജാക്കന്‍മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരല്‍ചൂണ്ടി പ്രജകള്‍ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങള്‍ക്ക് ഞാന്‍ പുല്ലുവിലയാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎല്‍എയുടെ വീട്ടില്‍ കയറി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്.
എംഎല്‍എയുടെ വീട്ടില്‍ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം. കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണം. ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയവരാണ് സിപിഎം. അതിനാണ് ഭരണം പിടിച്ച് വെച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha