ഗാസ സമാധാന പദ്ധതി വിജയത്തിന് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഗാസയിലെ സമാധാന പദ്ധതിയിലെ വിജയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണില്‍ സംസാരിച്ചതായി അദ്ദേഹം 'എക്‌സി'ല്‍ അറിയിച്ചു. ഇന്ത്യയുഎസ് വ്യാപാര കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ട്രംപിനെ എന്റെ സുഹൃത്തെന്നാണ് മോദി വിശേഷിച്ചപ്പത്. ഗാസയില്‍ താന്‍ മുന്നോട്ടുവെച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അറിയിച്ചിരുന്നു. ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലും ഹമാസും സമ്മതിച്ചതായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈജിപ്തിലെ കയ്‌റോയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായാണ് ഇരുകൂട്ടരും കരാറില്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.
ട്രംപുമായി വ്യാപാര ചര്‍ച്ചകളിലെ പുരോഗതി സംബന്ധിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. താരിഫുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണ പശ്ചാത്തലത്തില്‍കൂടിയാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം.
'എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനോട് സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി. വരുന്ന ആഴ്ചകളില്‍ തുടര്‍ന്നും അടുത്ത ബന്ധം പുലര്‍ത്താന്‍ ധാരണയായി.' പ്രധാനമന്ത്രി മോദി 'എക്‌സി'ല്‍ കുറിച്ചു.
https://www.facebook.com/Malayalivartha