രാജ്യത്തെ വിസ്മയിപ്പിച്ചുകൊണ്ട് സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്താൻ നമുക്ക് സാധിച്ചു; രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മികവ് നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മികവ് നേടിയിട്ടുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി പൊതുവിദ്യാഭ്യാസ രംഗത്തിനു മാറാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വിഷൻ 2031ന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയ സംസ്ഥാനമാണ്. അത് സ്വയംഭൂവായി ഉണ്ടായതല്ല.
ഒരു കാലത്ത് കേരളത്തിലെ മഹാഭൂരിപക്ഷം അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു. ഒരു വിഭാഗത്തിന് അക്ഷരാഭ്യാസം നിഷിദ്ധമായിരുന്നു. അതിൽ നിന്നും ഇന്ന് കാണുന്ന സമൂഹമായി മാറ്റിയെടുക്കുന്നതിന് ബോധപൂർവ്വമായി ഇടപെടലുകൾ ഉണ്ടായി. അതിൽ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകരും വഹിച്ച പങ്ക് വളരെ വലുതാണ്.
ഒരു ഘട്ടത്തിൽ ഇനി വിദ്യാലയങ്ങളാണ് ആരംഭിക്കേണ്ടതെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേര് പ്രത്യേകം പരാമർശിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇ എം എസിന്റെ നേതൃത്വത്തിൽ വന്ന ആദ്യ സർക്കാരാണ് ഇന്ന് കാണുന്ന കേരളത്തിന്റെ അഭിമാനകരമായ വിദ്യാഭ്യാസ മേഖലക്ക് അടിത്തറയിടുന്നത്. കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉണ്ടായി.
വലിയ തോതിൽ പഠനത്തിനുള്ള പിന്തുണ നൽകി. സ്കൂളുകളിൽ ഫീസ് നൽകേണ്ടതില്ല എന്ന നില വന്നപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് കൂടുതൽ പഠിക്കാൻ അവസരം ലഭിച്ചു.ആ ആനുകൂല്യം അനുഭവിച്ചു പഠിച്ചവരായിരുന്നു ഞങ്ങളുടെ തലമുറയെന്നും അദ്ദേഹം പറഞ്ഞു.
പഴയ തലമുറയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പിന്നീട് സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചു. രാജ്യത്തെ വിസ്മയിപ്പിച്ചുകൊണ്ട് സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്താൻ നമുക്ക് സാധിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസരംഗം രാജ്യം ശ്രദ്ധിക്കുന്ന തലത്തിൽ ഉയർന്നു. എന്നിരുന്നാലും ഒരു ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർന്നു പോകുമോ എന്ന് ആശങ്ക എല്ലാവരിലുമാണ്ടായി. പൊതു വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ വൻ തോതിൽ കൊഴിഞ്ഞുപോയി.എന്നാൽ 2016 ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പൊതു വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു.
കെട്ടിടങ്ങൾ നവീകരിച്ചു. അക്കാദമിക് അംഗമാകെ കാലാനുസൃതമായി. പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് മുന്നേ വിദ്യാർത്ഥികൾക്ക് ലഭിച്ചു തുടങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം മുന്നോട്ടു പോകേണ്ടതെങ്ങനെയെന്ന് ധാരണയുള്ള സർക്കാർ അധികാരത്തിൽ വന്നതിന്റെ ഉദാഹരണമായി പൊതുവിദ്യാഭ്യാസ മേഖല മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha