കൊല്ലത്ത് കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊട്ടാരക്കരയില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശി അര്‍ച്ചന (33), സുഹൃത്ത് ശിവകൃഷ്ണന്‍ (22), രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്‌നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍ (36) എന്നിവരാണ് മരിച്ചത്.
അര്‍ച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി ആണെന്നാണ് വിവരം. മദ്യപിച്ച് എത്തിയശേഷം ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനിടെ മര്‍ദനമേറ്റ അര്‍ച്ചന കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് വിവരം.
ശിവകൃഷ്ണന്റെ ആക്രമണത്തില്‍ തന്റെ മുഖത്ത് പരിക്കേറ്റതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്നലെ അര്‍ച്ചന തന്റെ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. അര്‍ച്ചന കിണറ്റില്‍ ചാടിയ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് ശിവകൃഷ്ണനാണ്. തുടര്‍ന്ന് യുവതിയെ പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റംഗം സോണി റോപ്പ് അടക്കം സംവിധാനങ്ങളുപയോഗിച്ച് കിണറ്റിലേക്കിറങ്ങി. ഈ സമയം അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു.
യുവതിയെ മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്റെ കൈവരിയിടിഞ്ഞ് ഇവരുടെ മേല്‍ വീണു. കൈവരിക്ക് സമീപം നിന്ന ശിവകൃഷ്ണനും ഇതോടെ അപകടത്തില്‍പെട്ടു. ശിവകൃഷ്ണന്‍ ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കൈവരിയോട് ചേര്‍ന്നാണ് നിന്നിരുന്നത്. കൈവരി ഇടിയാന്‍ സാദ്ധ്യത മുന്നില്‍ കണ്ട് അവിടെ നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാന്‍ ശിവകൃഷ്ണന്‍ കൂട്ടാക്കിയില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha