ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു

പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എംപി ആശുപത്രി വിട്ടു. മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടര്‍മാര്‍പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടര്‍ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.
കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയില്‍ യുഡിഎഫ് സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടാവുകയും സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാര്‍ജില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.
അതിനിടെ സംഘര്‍ഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിന്‍മേല്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി, ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.
പൊലീസിന്റെ ഗ്രനേഡോ, കണ്ണീര്‍വാതകമോ പ്രയോഗിക്കുമ്പോളുണ്ടാകുന്ന രീതിയിലല്ല സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിപ്രയോഗം നടത്തിയതെന്ന റൂറല്‍ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറല്‍ എസ്പി ഇന്നലെ പറഞ്ഞത്. സംഘര്‍ഷത്തില്‍ ഷാഫി ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ക്കെതിരായണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha