തൊഴില്‍ വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ക്ക് കേരളാപൊലീസിന്റെ ജാഗ്രത മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ ധാരാളം പേര്‍ക്ക് പണം നഷ്ടമാകുന്നുണ്ടെന്നും തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളാപൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കൂടുതലും തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണെന്നും കുറിപ്പില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യരുതെന്നും കാണുന്ന അവസരങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചാല്‍ പണം നഷ്ടമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വാഗ്ദാനങ്ങളുമായി നിരവധി പേര്‍ ഓണ്‍ലൈന്‍ ലോകത്തുണ്ടെന്നും അത്തരം വാര്‍ത്തകളുടെ ആധികാരികത ഉറപ്പാക്കണമെന്നും കുറിപ്പില്‍ പറയുന്നു. രജിസ്‌ട്രേഷനുള്‍പ്പടെ ആദ്യം അങ്ങോട്ട് പണം നല്‍കിയുള്ള കെണികളില്‍ വീഴുന്ന സാഹചര്യത്തില്‍ അത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.
തൊഴില്‍ വാഗ്ദാനം നല്‍കിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി കേരളാപൊലീസ് രംഗത്തെത്തുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വ്യാജ ലിങ്കുകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമും ഉയര്‍ന്ന ശമ്പളവും ഉള്‍പ്പടെ നിരവധി വാഗ്ദാനങ്ങളാണ് അത്തരം തൊഴില്‍ വാര്‍ത്തകള്‍ മുന്നോട്ട് വയ്ക്കുന്നത്. വീടിന് പുറത്ത് പോയി ജോലി ചെയ്യാനുള്ള സാഹചര്യമല്ലാത്ത സ്ത്രീകളാണ് പലപ്പോഴും ഇത്തരം ചതിക്കുഴികളില്‍ അകപ്പെടുന്നത്.
https://www.facebook.com/Malayalivartha