അയര്‍ക്കുന്നത്ത് ദൃശ്യം മോഡല്‍ കൊലപാതകം: ഭാര്യയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം കാണാനില്ലെന്ന് പരാതി നല്‍കി. കോട്ടയം അയര്‍ക്കുന്നത്ത് നാടുവിടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി. ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാന്‍ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാന്‍ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്നു എന്ന് ഇയാള്‍ സമ്മതിച്ചു.
ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭാര്യയെ എത്തിച്ച് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്. അവിടെ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. നിര്‍മ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയര്‍ക്കുന്നത്തായിരുന്നു താമസം. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha