കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ. മധുരയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് അന്വേഷണം നീണ്ടത്. ഇന്നലെ ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇയാളെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ചയാണ് പീഡന വിവരം പുറത്തുവരുന്നത്. ബലാത്സംഗത്തിനിരയായെന്ന് വ്യക്തമാക്കി യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടത്ത് പെയിന്‍ ഗസ്റ്റായി താമസിച്ചുവരികയായിരുന്നു യുവതി. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഇരുട്ടായിരുന്നതിനാല്‍ ആളുടെ മുഖം കണ്ടിരുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ കഴക്കൂട്ടത്ത് പട്രോളിങ് ശക്തമാക്കിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ പി അനില്‍ കുമാര്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിന് ചുറ്റും 750 ലേറെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ ഉണ്ടെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിക്കുന്നതടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രം മോഷ്ടിക്കുന്നതും പതിവ് സംഭവമാണ്. ഓവര്‍ നൈറ്റ് അടക്കം പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്. ഹോസ്റ്റലുകളിലെ അടക്കം സുരക്ഷയില്‍ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
ഹോസ്റ്റലിലെ പീഡനത്തിന് പിന്നാലെ കഴക്കൂട്ടത്തെ ഹോസ്റ്റലുകള്‍ക്ക് പൊലീസ് നോട്ടീസ് നൽകി. മതിയായ സുരക്ഷ ഹോസ്റ്റലുകളിൽ ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നുമാണ് പൊലീസ് നിര്‍ദേശം. വനിത ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാകാറുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നു. വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളും നേരത്തെയുണ്ടായിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയുള്ള പീഡനം നടന്നത്.
https://www.facebook.com/Malayalivartha